തിരുവനന്തപുരം: ശ്രീപത്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച സ്വർണ്ണനാണയങ്ങൾ പുറത്തിറക്കാൻ ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ക്ഷേത്രത്തിൽ നടപരവായ ലഭിച്ച സ്വർണാഭരണങ്ങൾ ഉരുക്കിയാണ് സ്വർണ്ണനാണയങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഒരു ഗ്രാം, രണ്ട് ഗ്രാം, നാല് ഗ്രാം, 8 ഗ്രാം എന്നീ തൂക്കത്തിലാണ് നാണയങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
പരിമിതമായ നാണയങ്ങൾ മാത്രമേ വിൽപ്പനയ്ക്ക് ഉണ്ടാകൂ. സ്വർണ്ണത്തിന്റെ പ്രതിദിന വിപണി വിലയെ ആശ്രയിച്ചിരിക്കും നാണയത്തിന്റെ വിലയെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു. നാണയങ്ങൾ ലഭിക്കാൻ ക്ഷേത്രത്തിലെ കൗണ്ടറുകൾ വഴി പണം അടയ്ക്കാം. ചിങ്ങം ഒന്നിന് രാവിലെ ക്ഷേത്രത്തിലെ കിഴക്കേ നടയിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്ര ഭരണ സമിതി അംഗമായ ആദിത്യ വർമ നാണയങ്ങൾ പുറത്തിറക്കുന്നതാണ്.

