ഉടമകളുടെ താൽപര്യം അനുസരിച്ച് പ്രവർത്തിക്കേണ്ട ഗതികേടിലാണ് മാധ്യമ പ്രവർത്തകർ; മുഹമ്മദ് റിയാസ്

കണ്ണൂർ: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മാധ്യമ ഉടമകളുടെ താൽപര്യം അനുസരിച്ച് പ്രവർത്തിക്കേണ്ട ഗതികേടിലാണ് മാധ്യമ പ്രവർത്തകരെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമ പ്രവർത്തകരെന്നും അവർക്ക് മനസാക്ഷി അനുസരിച്ച് പ്രവർത്തിക്കാനാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്തിച്ചർച്ചയുടെ സ്ഥാനം ചവറ്റു കൊട്ടയിലാണെന്ന് 2021 ലെ തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധ്യമ ഉടമകളുടെ രാഷ്ട്രീയ താൽപ്പര്യമാണ് ഇപ്പോഴുണ്ടായ വിവാദങ്ങൾക്ക് പിന്നിൽ. വിവാദ വാർത്തകൾക്കൊപ്പം ഇപ്പോൾ കൊടുക്കുന്നത് തന്റെ ചിരിച്ചുകൊണ്ടുള്ള ചിത്രമാണ്. ഫോട്ടോഗ്രാഫറെ അയച്ചാൽ പേടിച്ച മുഖമുള്ള ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യാമെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.

2016 മുതൽ 2021 വരെയുള്ള എൽഡിഎഫ് സർക്കാരിനെ എങ്ങനെയാണ് മാധ്യമ ഉടമകളുടെ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി വേട്ടയാടിയതെന്ന് നമ്മൾ കണ്ടതാണ്. 2016 മുതൽ 2021 വരെയുള്ള അന്തിച്ചർച്ചകൾ വിശ്വസിച്ച് മലയാളികൾ പോളിംഗ് ബൂത്തിൽ പോയിരുന്നെങ്കിൽ എൽഡിഎഫിന് 140 മണ്ഡലങ്ങളിലെ മഹാഭൂരിപക്ഷം മണ്ഡലങ്ങളിലും കെട്ടിവച്ച പണം ലഭിക്കില്ലായിരുന്നു. അതിനാൽ 2021 ലെ തെരഞ്ഞെടുപ്പ് ഫലം, രാഷ്ട്രീയ താൽപര്യം സംരക്ഷിക്കുന്ന ചില മാധ്യമ ഉടമകൾക്കേറ്റ കനത്ത പ്രഹരം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.