നികുതി വെട്ടിപ്പ്; മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ചിന്നക്കനാലിൽ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് മാത്യു കുഴൽനാടനെതിരെയുള്ള പരാതി. വക്കീൽ ഓഫീസ് വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണവും മാത്യു കുഴൽനാടനെതിരെയുണ്ട്.

മാത്യുകുഴൽ നാടനെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രംഗത്തെത്തിയിരുന്നു. ശരിയായ നിലയിലല്ലാതെ മാത്യു കുഴൽനാടന് പണം കിട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മാത്യു കുഴൽനാടൻ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്ന് സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അമേരിക്കൻ പ്രസിഡന്റ് ഒഴികെ എല്ലാവരുടേയും പേരിൽ അക്ഷേപം ഉന്നയിക്കുന്ന ആളാണ് മാത്യു കുഴൽ നാടൻ. വിഷയത്തിൽ സിപിഎം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.