മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിവരങ്ങൾ തേടി പോലീസ്

കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ ഇടപെടലുമായി പോലീസ്. സംഭവത്തിൽ പോലീസ് വിവരങ്ങൾ തേടി. കൊച്ചി സെൻട്രൽ പോലീസ് കോളേജിലെത്തി അധ്യാപകനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കോളേജിൽ എത്തിയത്. അധ്യാപകനെ അപമാനിക്കുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് സംഭവം വാർത്തകളിൽ ഇടംനേടിയത്.

കഴിഞ്ഞ ദിവസം ചേർന്ന കോളേജ് കൗൺസിൽ അധ്യാപകന്റെ പരാതി പോലീസിലേക്ക് കൈമാറാനും നിയമനടപടികളുമായി മുന്നോട്ട് പോകാനും പോലീസ് തീരുമാനിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യാനുള്ള നടപടിയും അധികൃതർ സ്വീകരിച്ചിരുന്നു.