തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീർ നടത്തിയ ഗണപതി പരാമർശത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് തിരുവനന്തപുരത്തു നടത്തിയ നാമജപ ഘോഷയാത്രയ്ക്ക് എതിരെ എടുത്ത കേസ് എഴുതിത്തള്ളാൻ നീക്കമെന്ന് റിപ്പോർട്ട്. എൻഎസ്എസ് നടത്തിയ ജാഥയ്ക്കു ഗൂഢലക്ഷ്യമില്ലെന്ന റിപ്പോർട്ട് നൽകാനാണ് പോലീസ് ലക്ഷ്യമിടുന്നതെന്നാണ് വിവരം. ഓഗസ്റ്റ് രണ്ടിനാണ് എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ തലസ്ഥാനത്തു നാമജപഘോഷയാത്ര നടത്തിയത്.
പാളയം ഗണപതിക്ഷേത്രത്തിനു മുന്നിൽനിന്നു പഴവങ്ങാടി ഗണപതിക്ഷേത്രത്തിനു മുന്നിലേക്കായിരുന്നു നാമജപയാത്ര. തിരുവനന്തപുരം താലൂക്ക് യൂണിയനിലെ 175 കരയോഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ നാമജപഘോഷയാത്രയിൽ പങ്കെടുത്തു. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത്കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
കണ്ടാലറിയാവുന്ന ആയിരത്തോളം പേരെയും കേസിൽ പ്രതിചേർത്തിരുന്നു. കന്റോൺമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

