ക്രൂ ചെയ്ഞ്ചിംഗില്‍ സെഞ്ച്വറി നേട്ടവുമായി വിഴിഞ്ഞം പോര്‍ട്ട്

തിരുവനന്തപുരം: ക്രൂ ചെയ്ഞ്ചിംഗ് ആരംഭിച്ച് വെറും ഒമ്പത് മാസം കൊണ്ട് ഡബില്‍ സെഞ്ച്വറി തികച്ച് വിഴിഞ്ഞം പോര്‍ട്ട്. ക്രൂ ചെയ്ഞ്ചിംഗ് നടത്തിയ ഇന്ത്യയിലെ മൈനര്‍ തുറമുഖങ്ങളില്‍ ഒന്നാം സ്ഥാനവും വിഴിഞ്ഞത്തിന് ലഭിച്ചു. ക്രൂചെയ്ഞ്ചിംഗില്‍ 200 തികച്ച ഇന്നലെ നാല് കപ്പലുകളാണ് വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടത്. സിംഗപ്പൂരില്‍ നിന്ന് യുഎയിലേക്കുള്ള യാത്രാമധ്യേ എത്തിയ കപ്പലില്‍ നാല് പേരെ ഇവിടെ ഇറക്കുകയും പകരം നാല് പേരെ കയറ്റുകയും ചെയ്തു. ഇന്നലെ ഇത് കൂടാതെ മറ്റ് മൂന്ന് കപ്പലുകള്‍ കൂടി വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗ് നടത്തിയിരുന്നു. രാവിലെ ഒന്‍പതരയോടെ എത്തിയ എസ്ടിഐ ലാവന്‍ഡര്‍, തൊട്ട് പിന്നാലെ എത്തിയ എസ്ടിഐ കിംഗ്‌സ് വേ, ഉച്ചയോടെ എത്തിയ എസ്ടിഐ സ്റ്റെഡ് ഫാസ്റ്റ് എന്നിവയാണ് മറ്റ് കപ്പലുകള്‍. കൊവിഡ് മാനദണ്ഡം പാലിച്ച് ആരോഗ്യ വിഭാഗത്തിന്റെയും കസ്റ്റംസിന്റെയും എമിഗ്രേഷന്റെയും പോര്‍ട്ടിന്റെയും അധികൃതരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെ പുറത്തിറങ്ങിയ തൊഴിലാളികള്‍ എല്ലാവരും ക്വാറന്റൈനില്‍ പ്രവേശിച്ചു. ലോകം കൊറോണയുടെ പിടിയിലായതോടെ ലോകമൊട്ടാകെ ലോക്ക്ഡൗണും യാത്രാവിലക്കുകളും ഫ്രഖ്യാപിച്ചതോടെ വിമാന സര്‍വ്വീസുകള്‍ വരെ നിര്‍ത്തലാക്കിയപ്പോഴും തടസമില്ലാതെ വിഴിഞ്ഞത്ത് കപ്പലുകള്‍ക്ക് എത്തി.