ജി 20 ഉച്ചകോടി; ആദ്യ പ്രതികരണവുമായി ചൈന

ബെയ്ജിങ്: ജി 20 ഉച്ചകോടിയെ കുറിച്ചുള്ള ആദ്യ പ്രതികരണവുമായി ചൈന. അംഗരാജ്യങ്ങൾ അംഗീകരിച്ച ന്യൂഡൽഹി പ്രഖ്യാപനം ‘പോസിറ്റീവ് സിഗ്നൽ’ നൽകിയെന്ന് ചൈന വ്യക്തമാക്കി. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് ആണ് ജി 20 ഉച്ചകോടിയിൽ പങ്കെടുത്തത്.

ആഗോള വെല്ലുവിളികളെ നേരിടാനും ലോക സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിനും ഒരുമിച്ച് പ്രവർത്തിക്കാനുള്ള തീരുമാനം നല്ല സൂചന നൽകുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് അറിയിച്ചു. ഉച്ചകോടിയിൽ ചൈന ക്രിയാത്മകമായ പങ്ക് വഹിക്കുകയും വികസ്വര രാജ്യങ്ങളുടെ ആശങ്കകൾക്കു പ്രാധാന്യം നൽകുകയും ചെയ്തുവെന്നും അദ്ദേഹം വിശദീകരിച്ചു.

കൂടിയാലോചനയിലൂടെ ഉണ്ടായ സമവായത്തിന്റെ ഫലമാണ് ജി20 നേതാക്കളുടെ പ്രഖ്യാപനം. ജി20 ഭൂരാഷ്ട്രതന്ത്രവും സുരക്ഷാപ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ഇടമല്ലെന്നും രാജ്യാന്തര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന വേദിയാണെന്നും ഡൽഹി ഉച്ചകോടി വീണ്ടും ഉറപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.