കുട്ടികൾ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ ഇൻബോക്സിൽ ലഭിച്ചാൽ ഉടൻ ഡിലീറ്റ് ചെയ്യണം; സുപ്രീംകോടതി

ന്യൂഡൽഹി: കുട്ടികൾ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ ഇൻബോക്സിൽ ലഭിച്ചാൽ ഉടൻ അവ ഡിലീറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി. ഒരു കുട്ടി അശ്ലീല വീഡിയോ കാണുന്നത് കുറ്റകരമല്ലാതിരിക്കാമെങ്കിലും കുട്ടികളെ അശ്ലീല വിഡിയോകളിൽ ഉപയോഗിക്കുന്നത് കുറ്റകരവും അതീവ ഉത്കണ്ഠ ഉളവാക്കുന്നതുമായ വിഷയമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്.

കുട്ടികൾ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. വിധി പറയാനായി ഹർജി സുപ്രീംകോടതി മാറ്റി. കുട്ടികൾ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്യുകയും അത് കാണുകയും ചെയ്യുന്നത് പോക്‌സോ നിയമപ്രകാരവും ഐ.ടി. നിയമ പ്രകാരവും കുറ്റകരമല്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി.

കുട്ടികൾ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്തശേഷം മറ്റാർക്കെങ്കിലും ഫോർവേഡ് ചെയ്താൽ മാത്രമേ ഐ.ടി. ആക്ടിലെ 67-ബി പ്രകാരം കുറ്റകരമാകുകയുള്ളൂവെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു.