കെ ഫോൺ ലക്ഷ്യത്തിലെത്തിയില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതം; വിശദീകരണവുമായി അധികൃതർ

തിരുവനന്തപുരം: കെ ഫോണിനെതിരെ നടക്കുന്ന പ്രചാരണങ്ങൾ നിഷേധിച്ച് അധികൃതർ. കെ ഫോൺ ലക്ഷ്യത്തിലെത്തിയില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രതിവർഷം 150 കോടി ലാഭം നേടാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കെഫോൺ സംസ്ഥാനത്ത് സ്ഥാപിച്ച ഫൈബർ ശൃംഖലയിൽ സ്വന്തം ആവശ്യം കഴിഞ്ഞ് 4300 കിലോമീറ്റർ കേബിൾ പാട്ടത്തിന് നൽകിയിട്ടുണ്ട്. ഇതിലൂടെ നിലവിൽ അഞ്ചു കോടിയുടെ വരുമാനമുണ്ട്. ഇത് 10,000 കിലോമീറ്ററിൽ എത്തിക്കാനുള്ള നടപടികൾ തുടരുകയാണെന്നും അധികൃതർ വിശദമാക്കി.

ഇതിനായി വിവിധ കമ്പനികളുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു. പ്രതിവർഷം 50 കോടി രൂപ ഇത്തരത്തിൽ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രണ്ടോ അതിലധികമോ സ്ഥലങ്ങൾക്കിടയിലുള്ള സ്വകാര്യ ടെലികമ്മ്യൂണിക്കേഷൻ സർക്യൂട്ടുകൾവഴി 100 കോടി രൂപയുടെ വാർഷിക വരുമാനവും ലക്ഷ്യമിടുന്നുണ്ട്. അതുകൂടി പൂർത്തിയായാൽ 150 കോടിയുടെ വരുമാനം എന്ന ലക്ഷ്യത്തിലെത്തുമെന്നും അധികൃതർ അറിയിച്ചു.

നിശ്ചിത ബാൻഡ് വിഡ്ത്തിൽ സേവനദാതാവിൽ നിന്ന് നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് ഒട്ടേറെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ 34 കണക്ഷനുകളും നൽകിക്കഴിഞ്ഞു. 6000 വാണിജ്യ കണക്ഷനുകൾ ഇതുവഴി നൽകിയിട്ടുണ്ട്. 5000 കണക്ഷനുകൾകൂടി നൽകുന്ന നടപടികൾ പുരോഗമിക്കുന്നു. കെഫോൺ വഴിയുള്ള ഇന്റർനെറ്റ് താരിഫ് താരതമ്യേന കുറഞ്ഞതായതിനാൽ ആവശ്യക്കാർ ഏറെയാണെന്നും അധികൃതർ വ്യക്തമാക്കി.