ദൈനംദിന പ്രവർത്തനങ്ങൾ പോലും അവതാളത്തിൽ; പൊലീസ് വകുപ്പ് വലിയ സാമ്പത്തിക പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് വകുപ്പ് വലിയ സാമ്പത്തിക പ്രതിസന്ധിയിൽ. അനുവദിച്ച പണം പോലും സർക്കാർ നൽകാതായതോടെ വാഹനങ്ങളുടെ ഉപയോഗം ഉൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങൾ പോലും പ്രതിന്ധിയിലായിരിക്കുന്ന അവസ്ഥയിലാണ് പോലീസ് ഇപ്പോഴുള്ളത്.

കൂടുതൽ പണം ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ യാതൊരു തരത്തിലുള്ള നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. സംസ്ഥാന സർക്കാർ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. 200 കോടി രൂപയ്ക്കടുത്തായിരുന്നു പോലീസ് വാഹനങ്ങളിൽ ഇന്ധനം നിറച്ച വകയിൽ പമ്പ് ഉടമകൾക്ക് നൽകാനുള്ളത്. ഈ പണം അടിയന്തിരമായി നൽകണം എന്ന് കാണിച്ച് പമ്പുടമകൾ സർക്കാരിനും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതോടെ ഇന്ധനം നൽകില്ലെന്ന് പമ്പുടമകളുടെ സംഘടന രേഖാമൂലം സംസ്ഥാന പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു.

ഇതോടെ പൊലീസ് മേധാവി വീണ്ടും സർക്കാരിനെ സമീപിച്ചു. എന്നാൽ സർക്കാർ പണം അനുവദിക്കാൻ തയ്യാറായില്ല. 15% മാത്രമായിരുന്നു സർക്കാർ അനുവദിച്ചത്. തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്കായി 160 കോടി രൂപ അടിയന്തരമായി നൽകണമെന്ന് കാണിച്ച് വീണ്ടും സർക്കാരിന് കത്ത് നൽകിയെങ്കിലും 5 കോടി മാത്രമേ സർക്കാർ അനുവദിച്ചുള്ളു.