ഇടവിട്ടുള്ള വേനൽമഴ: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കൊല്ലം: ഇടവിട്ടുള്ള വേനൽമഴയിൽ കൊതുക്പെരുകുന്ന പശ്ചാത്തലത്തിൽ ഡെങ്കിപനിക്ക് സാധ്യതയേറയെന്നും മുൻകരുതലെടുക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ഉറവിടനശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക, മലേറിയ തുടങ്ങിയ കൊതുക്ജന്യ രോഗങ്ങളെയും ഇതുവഴി പ്രതിരോധിക്കാം. വീടിനകത്തും പുറത്തും വെള്ളം കെട്ടിനിറുത്തരുത്. ഡ്രൈ കണ്ടെയ്നർ എലിമിനേഷൻ ക്യാമ്പയിനും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും തുടരുകയാണ്.

പനിയോടൊപ്പം തലവേദന, കണ്ണിനുപുറകിൽ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ ചുവന്നു തടിച്ച പാടുകൾക്കും സാധ്യതയുണ്ട്. സ്വയം ചികിത്സ പാടില്ല. രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ അളവ് പെട്ടന്ന് കുറയാൻ സാധ്യയുള്ളതിനാൽ ചികിത്സ തേടണം. പനി മാറിയാലും നാലു ദിവസം സമ്പൂർണ്ണ വിശ്രമമാകാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങിപാനീയങ്ങൾ ഉപയോഗിക്കാം. വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുക് വലയ്ക്കുള്ളിലാകണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ അപകടമാണ്.

വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങൾ, വലിച്ചെറിയുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകൾ, ചെടികളുടെ അടിയിൽ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞിട്ടിരിക്കുന്ന ടയറുകൾ, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർപോളിൻ, റബ്ബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ, കമുകിൻ പാളകൾ, നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകൾ, വീടിന്റെ ടെറസ്സ്, സൺഷെയ്ഡ്, മഴവെള്ളപാത്തികൾ എന്നിവിടങ്ങിൽ കെട്ടികിടക്കുന്ന വെള്ളം തുടങ്ങിയ ഉറവിടങ്ങൾക്ക് ഇടനൽകരുത്.

ഞായറാഴ്ചകളിൽ വീടുകളിലും, വെള്ളിയാഴ്ചകളിൽ സ്‌കൂളുകളിലും, ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തണം എന്ന് ഡി. എം. ഒ അറിയിച്ചു.