വേൾഡ് ഹെറിറ്റേജ് സൈറ്റ് മാനേജേഴ്സ് ഫോറം; അപേക്ഷ ക്ഷണിച്ചു, ആതിഥേയരാകുന്നത് ഇന്ത്യ

ആറാമത് വേൾഡ് ഹെറിറ്റേജ് സൈറ്റ് മാനേജേഴ്സ് ഫോറത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. യുനെസ്കോയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 46-ാ മത് സെക്ഷന്റെ ഭാഗമായിട്ടാണ് വേൾഡ് ഹെറിറ്റേജ് സൈറ്റ് മാനേജേഴ്സ് ഫോറം സംഘടിപ്പിച്ചിരിക്കുന്നത്.

ഇത്തവണത്തെ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ പ്രമേയം ‘പൈതൃകവും സമൂഹങ്ങളും: ലോക പൈതൃക കേന്ദ്രങ്ങളുടെ സുസ്ഥിരവും ഫലപ്രദവുമായ നിയന്ത്രണം’ എന്നതാണ്. ഈ വർഷത്തെ ഫോറത്തിൽ ആഗോളതലത്തിലുള്ള വേൾഡ് ഹെറിറ്റേജ് സൈറ്റുകളുടെ മാനേജർമാർക്കും വേൾഡ് ഹെറിറ്റേജ് സൈറ്റ് മാനേജ്മെന്റ് ടീം അംഗങ്ങൾക്കും പങ്കെടുക്കാം. ഈ കൂട്ടായ്മയുടെ ലക്ഷ്യം എന്നത് ലോക പൈതൃക കേന്ദ്രങ്ങളുടെ സുസ്ഥിരമായ പരിപാലനമാണ്.

പരസ്പരം വിവരങ്ങളും അനുഭവങ്ങളും കൈമാറുന്നതും സഹകരണം വ്യാപിപ്പിക്കുന്നതും ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നു. ഇത്തവണത്തെ വേൾഡ് ഹെറിറ്റേജ് സൈറ്റ് മാനേജേഴ്സ് ഫോറം സംഘടിപ്പിച്ചിരിക്കുന്നത് കേന്ദ്ര സാംസ്കാരിക വകുപ്പിന് കീഴിലുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും അഗ ഖാൻ ട്രസ്റ്റ് ഫോർ കൾച്ചറും ഐ സി എം ആർ ഓ എം – ഐ യു സി എൻ വേൾഡ് ഹെറിറ്റേജ് ലീഡർഷിപ്പ് പ്രോഗ്രാമും ചേർന്നാണ്. ജൂലൈ 18 മുതൽ 25 വരെയുള്ള തീയതികളിൽ ഡൽഹിയിൽ വച്ചാണ് ഫോറം സംഘടിപ്പിക്കുന്നത്. യോഗ്യരായവർക്ക് ഫോറത്തിൽ പങ്കെടുക്കാൻ ഏപ്രിൽ 25 വരെ അപേക്ഷ സമർപ്പിക്കാം.

168 രാജ്യങ്ങളിലായി 1199 ലോക പൈതൃക കേന്ദ്രങ്ങളാണ് നിലവിലുള്ളത്.