കേരള സ്റ്റോറി സിനിമ പ്രദർശനം തടയില്ല; തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ

കൊച്ചി: കേരള സ്റ്റോറി സിനിമ പ്രദർശനം തടയില്ലെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. സിനിമ റിലീസ് ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞെന്നും, സമൂഹമാദ്ധ്യമങ്ങളിലും ഒടിടി പ്ലാറ്റ്‌ഫോമിലുമെല്ലാം സിനിമ ആർക്കും കാണാൻ കഴിയുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഹൈക്കോടതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്. കേരളാ സ്റ്റോറി സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. വിഷയത്തിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭിപ്രായം ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്.

കേരളാ സ്റ്റോറി സിനിമ റിലീസ് ചെയ്തത് 2023 മെയ് മാസത്തിലാണ്. നിലവിൽ യൂട്യുബിലും ഒടിടികളിലും സിനിമ ആർക്കും കാണാൻ കഴിയും. രാഷ്ട്രീയ നേതാക്കളുടെയും സ്ഥാനാർത്ഥികളുടെയും ജീവചരിത്രം പറയുന്ന പ്രീ റിലീസ് ചെയ്ത സിനിമകളുമായി ബന്ധപ്പെട്ട പരാതികൾ കമ്മീഷൻ മുൻകാലങ്ങളിൽ പരിഗണിച്ചിട്ടുണ്ട്. എന്നാൽ ദി കേരള സ്റ്റോറി അത്തരം പരിധിയിൽ പെടുന്നില്ല. അതിനാൽ ഈ കേസിൽ തങ്ങൾക്ക് ഇടപെടാനാകില്ലെന്ന് കമ്മീഷൻ വിശദീകരിച്ചു.

കേരള സ്‌റ്റോറി സിനിമ പ്രദർശനം കേരളത്തിൽ വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. അടുത്തിടെ സിനിമ ദൂരദർശനിൽ പ്രദർശിപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. പിന്നീട് വിവിധ ക്രൈസ്തവ സഭകളും ബോധവത്കരണമെന്ന നിലയിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. ഇതോടെയാണ് സിനിമക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്.