സിഡ്നിയിൽ വീണ്ടും കത്തിയാക്രമണം; പുരോഹിതൻ ഉൾപ്പെടെ ഒട്ടേറെ പേർക്ക് കുത്തേറ്റു

സിഡ്നി: ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ വീണ്ടും കത്തിയാക്രമണം. ക്രിസ്ത്യൻ പള്ളിയിലാണ് ഇത്തവണ ആക്രമണം ഉണ്ടായത്. സിഡ്നിയിൽ നിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്ലെയിലെ പള്ളിയിലാണ് കുത്തിക്കുത്ത് നടന്നത്.

പുരോഹിതൻ ഉൾപ്പെടെ ഒട്ടേറെ പേർക്ക് കുത്തേറ്റുവെന്നാണ് പുറത്തു വരുന്ന വിവരം. ആക്രമണത്തിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല.

തിങ്കളാഴ്ച വൈകിട്ട് പള്ളിയിൽ കുർബാന നടക്കുന്നതിനിടെയാണ് യുവാവ് ആക്രമണം നടത്തിയത്. കുർബാനയ്ക്കിടെ അക്രമി കത്തിയുമായി മുന്നോട്ട് നടന്നുനീങ്ങുകയും പുരോഹിതനെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതോടെ വിശ്വാസികൾ ഓടിക്കൂടി. തുടർന്ന് അക്രമി ഇവർക്കുനേരേയും ആക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പള്ളിയിലെ കുർബാന തത്സമയം സംപ്രേഷണം ചെയ്യുന്നതിനാൽ സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാൾ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി.

അതേസമയം, രോഷാകുലരായ ജനങ്ങൾ അക്രമിയുടെ വിരലുകൾ മുറിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

സിഡ്നിയിലെ ഷോപ്പിങ് മാളിൽ രണ്ടുദിവസങ്ങൾക്ക് മുൻപാണ് കത്തിയാക്രമണം നടന്നത്. ഷോപ്പിങ് മാളിൽ നടന്ന ആക്രമണത്തിൽ ആറുപേരാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ഒൻപതുമാസം പ്രായമുള്ള കുഞ്ഞിനെ ഉൾപ്പെടെ അക്രമി കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയായ ജോയൽ കൗച്ചിനെ ഒടുവിൽ വനിതാ പോലീസ് ഓഫീസർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാൾ മാനസികരോഗിയാണെന്നായിരുന്നു പോലീസിന്റെ വിശദീകരണം.