കനത്ത നഷ്ടം; പിവിആറുമായുള്ള തർക്കം വിഷു സീസണിൽ മലയാള സിനിമയ്ക്ക് തിരിച്ചടിയാകുന്നു

മൾട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആറുമായുള്ള തർക്കം വിഷു സീസണിൽ മലയാള സിനിമയ്ക്ക് തിരിച്ചടിയാകുന്നു. കനത്ത നഷ്ടമാണ് പിവിആറുമായുള്ള തർക്കത്തെ തുടർന്ന് മലയാള സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത്. തിയേറ്ററുകളിലെ ഡിജിറ്റൽ പ്രൊജക്ഷൻ സംവിധാനവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി പുകഞ്ഞിരുന്ന അഭിപ്രായവ്യത്യാസമാണ് വലിയ തർക്കത്തിലേക്കും പിന്നീടുണ്ടായി സിനിമാ ബഹിഷ്‌ക്കരണത്തിലേക്കും വഴിതെളിച്ചത്.

പിവിആർ ആണ് കേരളത്തിന് പുറത്ത് മലയാള സിനിമകൾ ഏറ്റവുമധികം റിലീസ് ചെയ്യപ്പെട്ടിരുന്ന മൾട്ടിപ്ലെക്‌സ് ശൃംഖല. ഈ മൾട്ടിപ്ലെക്‌സിലൂടെത്തന്നെയാണ് മഞ്ഞുമ്മൽ ബോയ്‌സും പ്രേമലുവും ഉൾപ്പെടെയുള്ള സിനിമകൾ ചെന്നൈയിലും ബംഗളൂരുവിലും ഹൈദരാബാദിലുമൊക്കെ ഏറ്റവുമധികം പേർ കണ്ടത്. വിഷു സീസണിൽ തന്നെ ഇത്തരത്തിൽ ബഹിഷ്‌ക്കരണം വന്നത് മലയാള സിനിമയ്ക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്.

പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം എന്ന ചിത്രത്തിന് പോലും ഇത് തിരിച്ചടിയായി. ഈദ് ദിവസം ഹൗസ്ഫുൾ ആയി ഓടിയ സ്‌ക്രീനുകളിൽ നിന്ന് 11-ാം തീയതി പൊടുന്നനെ അടുജീവിതം പിൻവലിക്കപ്പെട്ടു. ഇതുകൊണ്ട് ദിവസം ഒന്നര കോടിയിലേറെ നഷ്ടം സംഭവിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. 11-ാം തീയതി എത്തിയ വിഷു റിലീസുകളുടെ ഓപ്പണിംഗ് കളക്ഷനിലും പിവിആറിന്റെ ബഹിഷ്‌കരണം കാര്യമായി ബാധിച്ചിട്ടുണ്ട്.

അതേസമയം, ആടുജീവിതം അടക്കം പിൻവലിച്ച സിനിമകൾക്ക് നഷ്ടപരിഹാരം നൽകാതെ ഭാവിയിൽ പിവിആറിൽ മലയാള സിനിമകൾ പ്രദർശനത്തിന് നൽകില്ലെന്ന നിലപാടിലാണ് ഫെഫ്ക. കൊച്ചി മരടിലെ ഫോറം മാളിൽ കഴിഞ്ഞ ദിവസം പിവിആറിൻറെ 9 സ്‌ക്രീനുകൾ അടങ്ങിയ മൾട്ടിപ്ലെക്‌സ് തുറന്നതോടെയാണ് രഹസ്യമായി നീറിപ്പുകഞ്ഞിരുന്ന തർക്കം പരസ്യമായത്. തിയറ്ററുകളിലെ ഡിജിറ്റൽ പ്രൊജക്ഷനായി യുഎഫ്ഒ, ക്യൂബ് അടക്കമുളള ഏജൻസികളെയാണ് രാജ്യമെങ്ങും ആശ്രയിക്കുന്നത്. എന്നാൽ ഇതിനുളള ചെലവ് ഏറിയതോടെയാണ് മലയാള സിനിമാ നിർമാതാക്കൾ സ്വന്തം സംവിധാനം തുടങ്ങിയത്. ചെലവ് ഏറെ കുറയും എന്നതായിരുന്നു ആശ്വാസം. എന്നാൽ യുഎഫ്ഒ, ക്യൂബ് വഴിയാണ് ഫോറം മാളിലെ പ്രദർശനമെന്നും നിർമാതാക്കൾ തുടങ്ങിയ പിഡിസി എന്ന കോണ്ടൻറ് മാസ്റ്ററിങ് യൂണിറ്റ് പറ്റില്ലെന്നും പിവിആർ നിലപാടെടുത്തു. ഇതിന് നിർമ്മാതാക്കൾ വഴങ്ങാതെ വന്നതോടെയാണ് രാജ്യത്തെ മുഴുവൻ പിവിആർ സ്‌ക്രീനുകളിൽ നിന്നും മലയാള സിനിമകൾ പിൻവലിക്കാൻ തീരുമാനിച്ചത്.