കോൺഗ്രസിന്റെ പ്രകടന പത്രികയിലെ ഓരോ പേജിലും ഇന്ത്യയെ ശിഥിലമാക്കാനുള്ള ശ്രമങ്ങൾ; പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്റെ പ്രകടന പത്രികയിലെ ഓരോ പേജിലും ഇന്ത്യയെ ശിഥിലമാക്കാനുള്ള ശ്രമങ്ങളാണ് അലയടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ മാനിഫെസ്റ്റോയിൽ പ്രതിഫലിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. രാജസ്ഥാനിലെ അജ്മിറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെ പ്രകടന പത്രികയിലുള്ളത് സ്വാതന്ത്ര്യ സമരകാലത്തെ ലീഗിന്റെ ആശയങ്ങളാണ്. സ്വാതന്ത്ര്യത്തിന് മുൻപ് മുസ്ലീം ലീഗിനുണ്ടായിരുന്ന ചിന്തകളെയാണ് പ്രകടന പത്രികയിൽ പ്രതിഫലിക്കുന്നത്. ലീഗിന്റെ ആശയങ്ങൾ കഴിഞ്ഞാൽ ഇടത് ആശയങ്ങൾക്കാണ് മേധാവിത്വം. ഇന്ത്യയെ പിന്നോട്ട് എത്തിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. കോൺഗ്രസ് ഒരിക്കലും നാരീശക്തിയെ കുറിച്ച് ആലോചിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിന് ശേഷവും സ്ത്രീകൾ കഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കോൺഗ്രസിനെ ശിക്ഷിക്കാൻ ഏപ്രിൽ 19ന് നിങ്ങളുടെ വോട്ട് ഉപയോഗിക്കുക. ഇന്ത്യയ്ക്ക് വേണ്ടി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്. 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റണം. ഇത് വരെ താൻ രാജ്യത്തിന് വേണ്ടി ചെയ്തത് ഒരു ട്രെയിലർ മാത്രമാണ്. പെൺകുട്ടികൾക്കും സൈന്യത്തിൽ ചേരാൻ താൻ അവസരം നൽകി. സ്ത്രീകൾക്ക് ആറ് മാസത്തെ പ്രസവാവധി തങ്ങൾ ഉറപ്പാക്കി. സ്ത്രീകൾക്ക് കൂടുതൽ സംവരണം ഏർപ്പെടുത്തി. സൈക്കിൾ ചവിട്ടാൻ കഴിയാത്ത നമ്മുടെ ഗ്രാമങ്ങളിലെ സ്ത്രീകൾ ഇപ്പോൾ ഡ്രോണുകൾ പറത്തുന്നു. ഇതിൽ തനിക്ക് അഭിമാനമുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.