കോഴിക്കോട്: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കുന്നത് കോൺഗ്രസിന്റെ കാരുണ്യത്തിലാണന്ന് അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ നാമമാത്രമായ സീറ്റിൽ മാത്രം മത്സരിക്കുന്ന പാർട്ടിയാണ് സിപിഎം. കേരളത്തിന് പുറത്ത് കോൺഗ്രസിന്റെ കാരുണ്യത്തിൽ മത്സരിക്കുന്നത് കൊണ്ടാണ് കേരളത്തിലും കോൺഗ്രസിനെ സുഖിപ്പിക്കാൻ മുഖ്യമന്ത്രി ബിജെപിയെ ആക്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീ പീഡകർക്കൊപ്പമാണ് എൽഡിഎഫ് സർക്കാർ. കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായ യുവതിക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണ് സർക്കാർ നിന്നത്. യുവതിക്ക് വേണ്ടി നിലപാടെടുത്ത അനിത സിസ്റ്ററെ ദ്രോഹിക്കുന്നത് ഭരണകൂട ഭീകരതയാണ്. ഹൈക്കോടതി ഉത്തരവിട്ടിട്ട് പോലും ഇത്രയും ദിവസം അവരുടെ നിയമനം തടഞ്ഞുവെച്ചത് പിണറായി സർക്കാരിന്റെ സ്ത്രീവിരുദ്ധത തെളിയിക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സർക്കാർ അനിത സിസ്റ്ററിൽ കണ്ട കുറ്റം അതിജീവിതയെ സഹായിച്ചുവെന്നതാണ്. അനധികൃതമായി സിപിഎം ക്രിമിനലുകളെ സർക്കാർ ആശുപത്രികളിൽ നിയമിക്കുന്നതാണ് ഇവിടുത്തെ സുരക്ഷിതത്വം ഇല്ലാതാക്കുന്നതെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
ഒരു മനസാക്ഷിയുമില്ലാതെയാണ് ആരോഗ്യമന്ത്രി പെരുമാറുന്നത്. ലോകത്തിന് മുമ്പിൽ കേരളത്തെ നാണംകെടുത്തിയ വീണാ ജോർജ് രാജിവെക്കണം. കേരളത്തിൽ ബിജെപിയുടെ സീറ്റിന്റെ കാര്യം നോക്കുന്നതിനുമുമ്പ് മുഖ്യമന്ത്രി സ്വന്തം പാർട്ടിയുടെ കനൽത്തരി പോലും ഇത്തവണ രാജ്യത്ത് കെട്ടുപോകുമെന്ന യാഥാർത്ഥ്യം മനസിലാക്കട്ടെ. ദേശീയ പാർട്ടി സ്ഥാനം നിലനിർത്താനുള്ള വോട്ടുവിഹിതം നിലനിർത്താൻ കോൺഗ്രസിന് അടിമപ്പണി ചെയ്യുകയാണ് സീതാറാം യെച്ചൂരി. കേരളത്തിൽ ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് പിണറായി വിജയന്റെ വാക്കുകളിൽ വ്യക്തമാണ്. എന്നാൽ ജനങ്ങൾ ഈ അവസരവാദ രാഷ്ട്രീയം തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

