തൊഴിലുറപ്പ് പദ്ധതി; കേരളം പൂർത്തിയാക്കിയത് 9.94 കോടി തൊഴിൽദിനങ്ങൾ

തിരുവനന്തപുരം: 2023-24 വർഷം മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളം പൂർത്തിയാക്കിയത് 9.94 കോടി തൊഴിൽദിനം. ഏപ്രിൽ പത്തിന് അന്തിമകണക്ക് വരുമ്പോൾ പത്തുകോടി തൊഴിൽ ദിനമെന്ന ലക്ഷ്യത്തിലെത്തുമെന്നാണ് വിവരം. തൊഴിലെടുത്തവരിൽ 89.27 ശതമാനവും സ്ത്രീകളാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

67.68 ദിവസം തൊഴിൽ ശരാശരി ഓരോ കുടുംബത്തിനും ലഭിച്ചു. കഴിഞ്ഞവർഷം കേരളത്തിൽ നൂറു തൊഴിൽദിനം 5.66 ലക്ഷം കുടുംബങ്ങൾ പൂർത്തിയാക്കിയിരുന്നു. 2023-24 വർഷത്തിന്റെ തുടക്കത്തിൽ വെറും ആറുകോടി തൊഴിൽദിനം മാത്രമായിരുന്നു കേരളത്തിന് അനുവദിച്ച ലേബർ ബജറ്റ്. ഓഗസ്റ്റിൽത്തന്നെ ഈ ലക്ഷ്യം കൈവരിച്ചു. ശേഷവും തൊഴിലിന് ആവശ്യക്കാർ ഉള്ളതിനാൽ തൊഴിൽദിനം എട്ട് കോടിയാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇത് പിന്നീട് ഒമ്പതു കോടിയായും ഏറ്റവുമൊടുവിൽ 10.50 കോടിയായും വർധിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം ജില്ലയാണ് തൊഴിൽദിനത്തിൽ മുന്നിലുള്ളത്. 1.33 കോടി തൊഴിൽദിനങ്ങളാണ് തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത്. ആലപ്പുഴയാണ് രണ്ടാം സ്ഥാനത്ത്. കോഴിക്കോടാണ് മൂന്നാം സ്ഥാനത്തുള്ളത്.