കരുവന്നൂർ തട്ടിപ്പ്; എംഎം വർഗീസും പികെ ഷാജനും ഇഡിയ്ക്ക് മുന്നിൽ ഹാജരായി

കൊച്ചി: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസും, കൗൺസിലർ പികെ ഷാജനും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റിന് മുന്നിൽ ഹാജരായി. കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് ഇവർ ഇഡിയ്ക്ക് മുന്നിൽ ഹാജരായത്. ചോദ്യം ചെയ്യലിന് ഇപ്പോൾ ഹാജരാകാൻ പറ്റില്ലെന്നും തിരഞ്ഞെടുപ്പ് കഴിയും വരെ സമയം നീട്ടി നൽകണമെന്ന് നേരത്തെ വർഗീസും ഷാജനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇഡി ഇത് അംഗീകരിച്ചില്ല. ഇന്ന് ഹാജരാകണമെന്ന കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ഇഡിയ്ക്ക് മുന്നിൽ ഹാജരായത്.

കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് ഇവർ ചോദ്യം ചെയ്യലിനായി എത്തിയത്. അഞ്ച് രഹസ്യ അക്കൗണ്ടുകൾ കരുവന്നൂർ ബാങ്കിൽ ഉണ്ടെന്ന് നേരത്തേ ഇഡി കണ്ടെത്തിയിരുന്നു. ഇത് സിപിഎമ്മുമായി ബന്ധപ്പെട്ടതാണോയെന്നാണ് ഇഡി സംശയിക്കുന്നത്. അക്കൗണ്ട് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനാണ് വർഗീസിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങമായിരുന്നു ഷാജൻ.