തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ മലയാളി ദമ്പതികളുടെയും സുഹൃത്തിന്റെയും മരണത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘം രൂപീകരിച്ച് പോലീസ്. അന്വേഷണം നടത്താൻ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് രൂപീകരിച്ചത്. മൂന്ന് പേരുടെയും ലാപ്ടോപ്പുകളും ഫോണുകളും വിശദമായി പരിശോധിക്കും.
കോട്ടയം സ്വദേശി നവീൻ, ഭാര്യ ദേവി, അദ്ധ്യാപിക ആര്യ എന്നിവരെയാണ് അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്ക് മരണാനന്തര ജീവിതത്തെപ്പറ്റിയുള്ള സന്ദേശങ്ങൾ എത്തിയിരുന്നത് ഡോൺ ബോസ്‌കോയുടെ പേരിലുള്ള വ്യാജ ഇമെയിൽ ഐഡിയിൽ നിന്നാണെന്ന് പൊലീസ് വ്യക്തമാക്കി. നവീനിന്റേത് ആസൂത്രിത നീക്കങ്ങളാണെന്നാണ് പോലീസ് പറയുന്നത്. ഡിജിറ്റൽ തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു.
ഹോട്ടലിൽ മുറിയെടുത്തപ്പോൾ ഇയാൾ മറ്റുള്ളവരുടെ രേഖകൾ നൽകിയിരുന്നില്ല. മൂന്ന് പേരും എങ്ങനെയാണ് വിചിത്ര വിശ്വാസങ്ങളിലേക്ക് എത്തിയതെന്ന് അന്വേഷണ സംഘം പരിശോധിക്കും. അരുണാചൽ പ്രദേശിലെ സിറോയിൽ ആഭിചാരം നടത്തുന്നവരുടെ കൺവെൻഷൻ നടന്നിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. മൂന്ന് പേരും ഇതിൽ പങ്കെടുത്തുവെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

