അരുണാചലിൽ മലയാളികൾ ആത്മഹത്യ ചെയ്ത സംഭവം; ലഭിച്ചിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: അരുണാചലിൽ മലയാളികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്ത മലയാളികൾ വിചിത്രമായ വിശ്വാസങ്ങൾ വെച്ചുപുലർത്തിയിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മരിച്ച ആര്യയുടെ ലാപ്ടോപ് പോലീസ് സംഘം പരിശോധിച്ചിരുന്നു. പോലീസിനെ പോലും അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ലാപ്‌ടോപ്പിൽ നിന്നും ലഭിച്ചത്.

സയൻസ് ഫിക്ഷൻ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിശ്വാസങ്ങളാണ് ഇവർ വെച്ചുപുലർത്തിയിരുന്നത്. ഭൂമിയിൽ നിന്ന് വംശനാശം സംഭവിച്ചുവെന്ന് ശാസ്ത്രം തെളിയിച്ച ദിനോസറുകൾ വരെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് ഇവർ വിശ്വസിക്കുന്നത്. ഇവയെ ഭൂമിയിൽ നിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റിയെന്നാണ്.ഇവർ വിശ്വസിക്കുന്നത്. ഭൂമിയിലെ മനുഷ്യരെയും മൃഗങ്ങളെയും മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റുമെന്നായിരുന്നു ഇവരുടെ മറ്റൊരു വിശ്വാസം.

ആൻഡ്രോമിഡ എന്ന ഗാലക്സിയിൽ ഏതോ ഒരു ഗ്രഹത്തിൽ മനുഷ്യവാസമുണ്ടെന്നും ഭാവിയിൽ ഭൂമിയിൽ നിന്ന് മനുഷ്യരെ മാറ്റുമെന്നും ആൻഡ്രോമിഡ ഗാലക്സിയിൽ ഇപ്പോളും അന്യഗ്രഹ ജീവികൾ ഉണ്ടെന്നും ഇവർ വിശ്വസിക്കുന്നു. മിതി എന്ന് പറയുന്ന സാങ്കൽപിക കഥാപാത്രമാണ് വിവരങ്ങൾ നൽകിയത് എന്നുള്ള രീതിയിലുള്ള ചോദ്യോത്തര രീതിയിലുള്ള വിവരങ്ങളാണ് ആര്യയുടെ ലാപ്ടോപ്പിൽ നിന്ന് ലഭിച്ചിരിക്കുന്നത്.

ഇത് ഡാർക്ക് നെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തത് എന്നാണ് പോലീസ് കരുതുന്നത്. എന്നാൽ ഇത് ആര്യയ്ക്ക് മറ്റാരോ അയച്ച് കൊടുത്തതാണ്. ഇത് അയച്ച മെയിൽ ഐഡി പക്ഷെ നിവിന്റെ അല്ല എന്നാണ് പോലീസ് പറയുന്നത്. മറ്റൊരു പ്രോക്സി സെർവർ വഴിയാണ് മെയിലുകൾ അയച്ചത്. അയച്ച ആളിന് അജ്ഞാതമായി തുടരാൻ ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തം. ഒരുപക്ഷെ ആത്മഹത്യ ചെയ്ത നിവിൻ തന്നെയാകാം ആര്യയ്ക്ക് ഈ മെയിലുകൾ അയച്ചത് എന്നാണ് പോലീസ് കരുതുന്നത്. അല്ലെങ്കിൽ ഈ വിശ്വാസം വെച്ചുപുലർത്തുന്ന ഒരു സംഘം തന്നെ ഉണ്ടാകാമെന്ന് പോലീസ് കരുതുന്നു.