മറ്റുള്ളവരെ സമ്മർദത്തിലാക്കുന്നത് പഴയകാല കോൺഗ്രസ് സംസ്‌കാരം; അഭിഭാഷകരുടെ കത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: മറ്റുള്ളവരെ സമ്മർദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പഴയകാല കോൺഗ്രസ് സംസ്‌കാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥാപിത താൽപ്പര്യക്കാർ കോടതിക്കു മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് അയച്ച സംഭവത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

അഞ്ച് പതിറ്റാണ്ടുകളായി പ്രതിബദ്ധതയുള്ള ജൂഡീഷ്യറിക്കായി മുറവിളി കൂട്ടുന്ന ഇവർക്ക് രാജ്യത്തോട് ഒരു പ്രതിബദ്ധതയുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 140 കോടി ഇന്ത്യക്കാർ അവരെ തള്ളിപ്പറഞ്ഞതിൽ അതിശയിക്കാനില്ല. 1970 കളിൽ ഇന്ദിരാഗാന്ധിയുടെ കാലത്ത് മൂന്ന് ജഡ്ജി നിയമനങ്ങൾ അസാധുവാക്കിയാണ് പുതിയ ഒരു ചീഫ് ജസ്റ്റിസിനെ നിയമിച്ചതെന്നും രണ്ട് വർഷത്തിന് ശേഷം ഇത് വീണ്ടും ആവർത്തിച്ചു. ഈ സംഭവങ്ങൾ അഭിഭാഷക സമൂഹത്തിൽ വലിയ എതിർപ്പുണ്ടാക്കിയിരുന്നതായി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് അഭിഭാഷകർ കത്ത് നൽകിയത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ കടുത്ത സമ്മർദത്തിലാക്കാൻ വ്യാപക ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകർ കത്തുനൽകിയിരിക്കുന്നത്. കോടതികളുടെ ഐക്യത്തിനും വിശ്വാസ്യതയ്ക്കും അന്തസിനും നേർക്കു കടന്നാക്രമണം നടക്കുകയാണെന്നാണ് കത്തിൽ വ്യക്തമാക്കുന്നു.

രാഷ്ട്രീയ താൽപര്യം മുൻനിർത്തി ഒരു വിഭാഗം നീതിന്യായ വ്യവസ്ഥയുടെ അന്തസു കെടുത്താൻ ശ്രമിക്കുകയാണ്. ഇക്കൂട്ടത്തിൽ ചില അഭിഭാഷകരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അഭിഭാഷകർ പറയുന്നു. എന്നാൽ, കത്തിൽ തങ്ങൾ ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് അഭിഭാഷകർ കൃത്യമായി വ്യക്തമാക്കിയിട്ടില്ല.

ജൂഡീഷ്യറി ഭീഷണിയിൽ – രാഷ്ട്രീയ, ഔദ്യോഗിക സമ്മർദങ്ങളിൽ നിന്നു ജുഡീഷ്യറിയെ രക്ഷിക്കുക’ എന്ന പേരിലാണ് അഭിഭാഷകർ ചീഫ് ജസ്റ്റിസിനെ അഭിസംബോധന ചെയ്തു കത്തുനൽകിയിരിക്കുന്നത്. രാഷ്ട്രീയ താൽപര്യം മുൻനിർത്തിയും കോടതികൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു കോടതി നടപടിക്രമങ്ങളെ അട്ടിമറിക്കാനും തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനും ഒരുവിഭാഗം ശ്രമിക്കുന്നുവെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു.

ഇതിനിടെ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് ജയറാം രമേശും കോൺഗ്രസ് അധ്യക്ഷൻ മാല്ലികാർജുൻ ഖർഗെയും രംഗത്തെത്തിയിരുന്നു. പ്രസ്താവന കാപട്യത്തിന്റെ അങ്ങേ അറ്റമാണെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ജനങ്ങൾ അദ്ദേഹത്തിനുള്ള മറുപടി നൽകുമെന്നുമായിരുന്നു ജയറാം രമേശ് പറഞ്ഞു.