വയനാട് വീണ്ടും കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

കൽപ്പറ്റ: വയനാട് വീണ്ടും കാട്ടാന ആക്രമണം. മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ആദിവാസി സ്ത്രീയാണ് കൊല്ലപ്പെട്ടത്. മേപ്പാടി പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. മേപ്പാടിയിൽ നിന്നും പത്ത് കിലോമീറ്റർ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്.

ആക്രമണത്തിൽ സുരേഷിന് പരിക്കേൽക്കുകയും ചെയ്തു. ഇരുവരും കാടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയതായിരുന്നു. ഈ സമയത്താണ് ഇവർ കാട്ടാനയുടെ മുന്നിലകപ്പെട്ടത്. മേപ്പാടിയിൽ നിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് എത്തി.

അതേസമയം, വയനാട്ടിൽ തുടർച്ചയായി വന്യജീവി ആക്രമണത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. അടുത്തിടെ ഒട്ടനവധി പേരാണ് വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. വലിയ പ്രതിഷേധങ്ങളാണ് ഇതിനെ തുടർന്ന് വയനാട്ടിൽ ഉണ്ടായത്.