സെർവർ തകരാർ; റേഷൻ മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവയ്ക്കും. ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ ആണ് ഇക്കാര്യം അറിയിച്ചത്. അരി വിതരണവും മസ്റ്ററിംഗും ഒരുമിച്ച് നടത്തിയാൽ സാങ്കേതിക പ്രശ്‌നമുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മഞ്ഞ നിറമുളള കാർഡുകാർക്ക് സാദ്ധ്യമായാൽ മസ്റ്ററിംഗ് നടത്താമെന്നും അദ്ദേഹം അറിയിച്ചു. നൂറ് കണക്കിനാളുകളാണ് സംസ്ഥാനത്തെ പല റേഷൻ കടകളിലായി മസ്റ്ററിംഗ് നടത്തുന്നതിനായി എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സെർവർ മാറ്റാതെ പ്രശ്‌നം പരിഹരിക്കാൻ സാധിക്കില്ലെന്നാണ് വ്യാപാരികൾ വ്യക്തമാക്കിയിരിക്കുന്നത്..

റേഷൻ വിതരണം ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് മാറ്റി വച്ചാണ് മസ്റ്ററിംഗ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിംഗ് ഇന്ന് രാവിലെ മുതൽ മുടങ്ങിയിരുന്നു.

e-KYC അപ്ഡേഷൻ സമയബന്ധിതമായി പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വിതണം, സബ്‌സിഡി ക്ലയിം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളിലൂടെ മാത്രമെ e-KYC മസ്റ്ററിംഗ് നടത്താൻ സാധിക്കുകയുള്ളു. അതു കൊണ്ടാണ് റേഷൻ വിതണം നിർത്തി വച്ചുകൊണ്ട് മസ്റ്ററിംഗ് നടത്തുന്നതെന്ന് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.