ഇലക്ടറൽ ബോണ്ട് കേസ്; എസ്ബിഐയ്ക്ക് വീണ്ടും സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് വീണ്ടും നോട്ടീസ് നൽകി സുപ്രീം കോടതി. ഇലക്ടറൽ ബോണ്ട് കേസിലാണ് സുപ്രീം കോടതി വീണ്ടും എസ്ബിഐയ്ക്ക് നോട്ടീസ് നൽകിയത്. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങൾ അപൂർണമായ സാഹചര്യത്തിലാണ് നടപടി. പ്രസിദ്ധീകരിച്ച രേഖകളിൽ എന്തുകൊണ്ട് സീരിയൽ നമ്പറുകൾ ഇല്ലെന്ന് കോടതി എസ്ബിഐയോട് ചോദിച്ചു. നോട്ടീസിന് എസ്ബിഐ തിങ്കളാഴ്ചക്കുള്ളിൽ മറുപടി നൽകണം.

ഇലക്ടറൽ ബോണ്ടുകളുടെ സീരിയൽ നമ്പറുകൾ പുറത്തുവിട്ടാൽ ബോണ്ട് നൽകിയതാരാണെന്നും പണം ഏത് പാർട്ടിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും വ്യക്തമാകുമെന്നും സുപ്രീം കോടതി അറിയിച്ചു. .തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ രേഖകൾ തിരികെ നൽകാമെന്നും കോടതി വ്യക്തമാക്കി.

മാർച്ച് 17 നകം എല്ലാ രേഖകളും പ്രസിദ്ധീകരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് ബോണ്ട് വിവരങ്ങൾ കൈമാറിയത്. ഇന്ന് കമ്മീഷൻ വിവരം പരസ്യപ്പെടുത്തണമെന്ന നിർദ്ദേശമിരിക്കെ ഇന്നലെ രാത്രിയോടെ വിവരങ്ങൾ പുറത്തുവിടുകയായിരുന്നു. എന്നാൽ ഇതിൽ ബോണ്ടുകളുടെ സീരിയൽ നമ്പറുകൾ ഒഴിവാക്കിയത് ഇന്ന് വീണ്ടും കോടതിയിൽ ഉന്നയിക്കപ്പെടുകയായിരുന്നു.