ഭാരത് മാട്രിമോണി ഉൾപ്പെടെ 10 ഇന്ത്യൻ കമ്പനികളുടെ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ; കാരണമിത്

ന്യൂഡൽഹി: ഭാരത് മാട്രിമോണി ഉൾപ്പെടെ ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. സേവന ഫീസ് പേയ്മെന്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് നടപടി. ഇൻ-ആപ്പ് പേയ്മെന്റുകൾക്ക് 11 ശതമാനം മുതൽ 26 ശതമാനം വരെ ഫീസ് ചുമത്തുന്നതിൽ നിന്ന് ഗൂഗിളിനെ തടയാനുള്ള ചില ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ശ്രമങ്ങളെ തുടർന്നാണ് തർക്കം ആരംഭിച്ചത്.

നേരത്തെ 15 ശതമാനം മുതൽ 30 ശതമാനം വരെ ഈടാക്കുന്ന രീതി ഒഴിവാക്കാൻ രാജ്യത്തെ ആന്റിട്രസ്റ്റ് അധികൃതർ ഉത്തരവിട്ടതിന് ശേഷമാണ് പുതിയ നടപടി. സ്റ്റാർട്ടപ്പുകൾക്ക് ഇളവ് നൽകേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ രണ്ട് കോടതി വിധികൾ ഫീസ് ഈടാക്കാനോ അല്ലെങ്കിൽ ആപ്പുകൾ നീക്കം ചെയ്യാനോ ഗൂഗിളിന് അനുമതി നൽകി. മാട്രിമോണി ഡേറ്റിംഗ് ആപ്ലിക്കേഷനുകളായ ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി എന്നിവ വെള്ളിയാഴ്ച ഡിലീറ്റ് ചെയ്തതായി കമ്പനി സ്ഥാപകൻ മുരുകവേൽ ജാനകിരാമൻ അറിയിച്ചു.

ശാദി ഡോട്ട് കോം, നൗകരി, 99 ഏക്കേഴ്‌സ് തുടങ്ങിയ ആപ്പുകളും ഗൂഗിൾ നീക്കം ചെയ്തു. പ്ലേ സ്റ്റോർ നയം ലംഘിച്ചതിന് ആൽഫബെറ്റ് ഇന്ത്യൻ കമ്പനികളായ മാട്രിമോണി.കോം, ഇൻഫോ എഡ്ജ് എന്നീ കമ്പനികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഗൂഗിളിന്റെ നടപടിയെ തുടർന്ന് ഭാരത് മാട്രിമോണിയുടെ ഓഹരി 2.7% വരെ ഇടിഞ്ഞു. ഇൻഫോ എഡ്ജിനും 1.5% നഷ്ടം സംഭവിച്ചു. ആപ്പ് നീക്കം ചെയ്യുന്നത് ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.