സര്‍വകലാശാലകളുടെ അധികാരങ്ങളിൽ നിന്നു ഗവർണറെ ഒഴിവാക്കില്ല; 3 ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച മൂന്നു ബില്ലുകൾക്ക് അനുമതിയില്ല. ഗവർണറെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കുന്ന കേരള യൂണിവേഴ്‌സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ (ഭേദഗതി 2) 2022, യൂണിവേഴ്‌സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2022, യൂണിവേഴ്‌സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2021 തുടങ്ങിയവയ്ക്കാണ് രാഷ്ട്രപതി അനുമതി നിഷേധിച്ചത്.

സർവകലാശാലകളുടെ നിയന്ത്രണത്തിൽ നിന്നു ഗവർണറെ ഒഴിവാക്കാനുള്ള നീക്കങ്ങൾക്കു കനത്ത തിരിച്ചടിയാണിത്. ഏഴു ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഗവർണർ അയച്ചിരുന്നത്. ഇതിൽ ലോകായുക്ത ബില്ലിന് രാഷ്ട്രപതി അനുമതി നൽകി. മറ്റ് മൂന്ന് ബില്ലുകളിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.

കേരള സർക്കാർ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് ഇന്നാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകാതെ രാഷ്ട്രപതിക്ക് വിട്ട രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട ബില്ലിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നേട്ടമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകായുക്തയുടെ അധികാരം കുറയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ബില്ലിന് അംഗീകാരം ലഭിച്ചതോടെ ലോകായുക്ത കുറ്റക്കാരൻ എന്ന് വിധിച്ചാലും ഇനി പൊതുപ്രവർത്തകന് തൽസ്ഥാനത്ത് തുടരാനാകും. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതാണ് ബില്ലെന്ന തരത്തിലുള്ള ആരോപണം നേരത്തെ ഉയർന്നിരുന്നു. ലോക് പാൽ ബില്ലിന് സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭവൻ ബില്ലിന് അംഗീകാരം നൽകിയത്. ബില്ലിന് അനുമതി ലഭിച്ചതോടെ ഗവർണറുടെ അപ്പലേറ്റ് അധികാരം ഇല്ലാതാവും.

മുഖ്യമന്ത്രിക്കെതിരേ ലോകായുക്ത വിധിയുണ്ടായാൽ ഗവർണർക്ക് പകരം നിയമസഭയായിരിക്കും അപ്പലേറ്റ് അതോറിറ്റി. മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരായ വിധിയിൽ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിറ്റി. മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്ത വിധി വന്നാൽ നിയമസഭക്ക് തള്ളാനും കഴിയും. ലോകയുക്ത നിയമത്തിലെ 14 ആണ് ഇല്ലാതാകുന്നത്. രാഷ്ട്രപതി ഭവൻ തീരുമാനം അനുസരിച്ചു ഇനി ഗവർണർ ബില്ലിൽ ഒപ്പിടും.