ന്യൂഡൽഹി: സന്ദേശ്ഖാലിയിലെ ലൈംഗിക അതിക്രമക്കേസിലെ പ്രധാന പ്രതിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റിൽ പ്രതികരണവുമായി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. ഷാജഹാന്റെ അറസ്റ്റിനെ അദ്ദേഹം സ്വാഗതം ചെയ്തു. ഈ നീക്കം സംസ്ഥാനത്ത് നിയമവ്യവസ്ഥയുടെ പുതിയൊരു അദ്ധ്യായമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇത് എല്ലാവർക്കും ഒരു പാഠമാണ്. നിയമാനുസൃതമായ ഒരു പുതിയ പ്രഭാതം പശ്ചിമബംഗാളിൽ വീണ്ടുമെത്തിയിരിക്കുന്നു. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങൾ ഭരിക്കുന്നത് ഗുണ്ടകളാണ്. അത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗുണ്ടാ സംഘങ്ങളെ ജയിലിൽ അടക്കണം. സന്ദേശ്ഖാലി സംഭവം മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. നമ്മൾ കാണുന്നതിനേക്കാൾ വലിയ കാര്യങ്ങൾ ഇതിലുണ്ടെന്നും സി വി ആനന്ദ ബോസ് കൂട്ടിച്ചേർത്തു. ഇന്ന് രാവിലെയാണ് ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തി ഭൂമി തട്ടിയെടുക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.
സംഭവം വിവാദമായതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ 56 ദിവസത്തിന് ശേഷമാണ് പോലീസ് പിടികൂടാൻ കഴിഞ്ഞത്.

