ടെസ്റ്റ് താരങ്ങൾക്ക് പ്രത്യേക ആനുകൂല്യം നൽകാൻ പദ്ധതിയിട്ട് ബിസിസിഐ

മുംബൈ: യുവതാരങ്ങൾക്കിടയിൽ ടെസ്റ്റ് ക്രിക്കറ്റിനോടുള്ള താൽപര്യം കൂട്ടാനായി ബിസിസിഐ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിച്ച് യുവതാരങ്ങൾ ഐപിഎല്ലിന് പിന്നാലെ പോവുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ നടപടികളെ കുറിച്ച് ചിന്തിക്കാൻ ആരംഭിച്ചത്. ടെസ്റ്റ് താരങ്ങൾക്ക് പ്രത്യേക ആനുകൂല്യം നൽകാനാണ് ബിസിസിഐ പദ്ധതിയിടുന്നത്.

കലണ്ടർ വർഷത്തിൽ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് വാർഷിക കരാറിലെ തുകക്ക് പുറമെ അധിക അനുകൂല്യം കൂടി നൽകുന്ന രീതിയിൽ പ്രതിഫലഘടന പരിഷ്‌ക്കരിക്കാനും ബിസിസിഐ പദ്ധതിയിടുന്നു. നിലവിൽ വാർഷിക കരാറിൽ പറഞ്ഞിരിക്കുന്ന തുകക്ക് പുറമെ ഒരു ടെസ്റ്റ് മത്സരം കളിക്കുന്ന താരത്തിന് 15 ലക്ഷം രൂപയാണ് മാച്ച് ഫീസായി ലഭിക്കുന്നത്.

ഏകദിനത്തിൽ ഇത് ആറ് ലക്ഷവും ടി20യിൽ മൂന്ന് ലക്ഷവുമാണ്. മാച്ച് ഫീസ് ഇനത്തിൽ വർധന വരുത്തിയില്ലെങ്കിലും കൂടുതൽ ടെസ്റ്റ് കളിക്കുന്നവർക്ക് വാർഷിക ബോണസ് എന്ന രീതിയിൽ കൂടുതൽ തുക നൽകണമെന്ന് ബിസിസിഐ പദ്ധതിയിടുന്നു. ഇതിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് കൂടുതൽ യുവതാരങ്ങളെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ഒരു തീരുമാനവും ബിസിസിഐ ഇതുവരെ സ്വീകരിച്ചിട്ടില്ല. താരങ്ങളുടെ പ്രതിഫലം ഉയർത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തിലും ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. കഴിഞ്ഞ സീസണിലെ വാർഷിക കരാർ പ്രകാരം എ+ കാറ്റഗറി താരങ്ങൾക്ക് ഏഴ് കോടിയാണ് പ്രതിഫലം. എ ഗ്രേഡിൽ ഉൾപ്പെട്ടവർക്ക് അഞ്ച് കോടി. ബി ഗ്രേഡിലുള്ളവർക്ക് മൂന്ന് കോടിയും സി ഗ്രേഡുകാർക്ക് ഒരു കോടിയും ലഭിക്കും.