ഈ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ കഥ കഴിയും; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ കഥ കഴിയുമെന്നും കേരളത്തിൽ യുഡിഎഫ് തകരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും. വോട്ടെടുപ്പ് കഴിയുന്നതോടെ എൽഡിഎഫിനെ എതിർക്കാൻ ബിജെപി മാത്രമേ ഇനി കേരളത്തിൽ ഉണ്ടാവു. വർഗീയ ശക്തികളെ താലോലിച്ച് വർഗീയ ധ്രുവീകരണത്തിനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. മുസ്ലീം വോട്ട് സമാഹരിക്കാൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ യുഡിഎഫ് ആണ് ക്ഷയിക്കപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

സാമുദായിക ധ്രുവീകരണം നടത്തി മുന്നേറ്റം ഉണ്ടാക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. അത് തടയാൻ യുഡിഎഫ് തയ്യാറാവുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും വർഗീയ ശക്തികളെ താലോലിച്ച് സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയാണ്. പിഎഫ്‌ഐയെ നിരോധിച്ച ശേഷവും കേരളത്തിൽ അവർക്ക് സഹായകമായ നിലപാടാണ് പോലീസും സർക്കാരും സ്വീകരിക്കുന്നത്. മന്നത്ത് പത്മനാഭനെതിരെ വന്ന ദേശാഭിമാനി ലേഖനത്തിൽ കോൺഗ്രസും മൗനംപാലിച്ചു. നവോത്ഥാന നായകന്മാരെ സംരക്ഷിച്ചാൽ മുസ്ലിം വോട്ട് നഷ്ടപ്പെടുമെന്ന പേടിയാണ് കോൺഗ്രസിനെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

പാലം കടക്കുവോളം നാരായണാ പിന്നെ കുരായണാ എന്നതാണ് കോൺഗ്രസ് നിലപാട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ വിജയിക്കും. മാധ്യമ സർവേകളിൽ നിന്ന് തന്നെ ബിജെപിയുടെ ജനപിന്തുണ തെളിഞ്ഞു കഴിഞ്ഞു.സ്ഥാനാർത്ഥി പ്രഖ്യാപനം മാർച്ച് ആദ്യ വാരത്തിലുണ്ടാകും. സംസ്ഥാന ഘടകത്തിന്റെ നിർദ്ദേശങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.