തൃശ്ശൂർ: കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് എതിരെ തൃശൂർ അതിരൂപതയുടെ സമുദായ സമ്മേളനത്തിൽ പ്രമേയം. മണിപ്പൂർ വിഷയത്തിൽ ഇടപെടലാവശ്യപ്പെട്ടാണ് കേന്ദ്ര സർക്കാരിനെ പ്രമേയം അവതരിപ്പിച്ചത്. ന്യൂനപക്ഷക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതത്തിൽ വിതരണം ചെയ്യാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ സഭ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
മതേതര ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ സഭ പ്രമേയത്തിൽ ആവശ്യപ്പെടുന്നു. മണിപ്പൂർ ഉൾപ്പെടെയുള്ള സംഘർഷങ്ങളിൽ കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യവും സഭ മുന്നോട്ടുവെയ്ക്കുന്നു. ഭരണഘടനാ അവകാശങ്ങളുറപ്പാക്കണമെന്നും പ്രമേയത്തിലുണ്ട്.
അതേസമയം, ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതത്തിൽ വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിക്കാത്ത നിലപാടിലാണ് സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. കരളത്തിലെ ക്രൈസ്തവ സമൂഹങ്ങളുടെ സാമ്പത്തിക വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌ന പരിഹാരത്തിനായി നിയമിച്ച ജെബി കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ഒമ്പത് മാസങ്ങൾക്ക് ശേഷവും അത് പ്രസിദ്ധീകരിക്കാൻ പോലും സംസ്ഥാന സർക്കാർ തയാറാകാത്തതിനെതിരെയും വിമർശനമുണ്ട്.

