ലോക്സഭാ തെരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിലെ ഇന്ത്യ സഖ്യകക്ഷികളുമായുള്ള കോൺഗ്രസിന്റെ സീറ്റ് വിഭജന ചർച്ചയിൽ ധാരണ

മുംബൈ: മഹാരാഷ്ട്രയിലെ ഇന്ത്യ സഖ്യകക്ഷികളുമായുള്ള കോൺഗ്രസിന്റെ സീറ്റ് വിഭജന ചർച്ചയിൽ ധാരണയായെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് ആകെയുള്ള 48 ലോക്സഭാ മണ്ഡലങ്ങളിൽ 39 മണ്ഡലങ്ങളിൽ ധാരണയായെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മഹാരാഷ്ട്രയിലെ സഖ്യകക്ഷികളായ ശിവസേന (യുബിടി)യും ശരദ് പവാറിന്റെ എൻസിപിയുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെയാണിത്. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ ഉദ്ധവിനെ നേരിട്ട് വിളിച്ച് സംസാരിച്ചു. അതേസമയം, ഏതൊക്കെ മണ്ഡലങ്ങളിൽ ആര് മത്സരിക്കും എന്ന് വ്യക്തമായിട്ടില്ല.

സംസ്ഥാനത്തെ 48 സീറ്റുകളിൽ 39 എണ്ണത്തിലും ധാരണയായതായാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. മറ്റ് ഒമ്പത് സീറ്റുകളിലേക്കുള്ള ചർച്ച തുടരുകയാണ്. എന്നാൽ, ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. നേരത്തെ, ഫെബ്രുവരി 22-ന് മുംബൈയിൽ നിശ്ചയിച്ചിരുന്ന യോഗം മുതിർന്ന നേതാക്കളുടെ തിരക്കുകൾ കാരണം 27-ലേക്ക് മാറ്റിയിരുന്നു. ഈ യോഗത്തിന് പിന്നാലെ വിഷയത്തിൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.

മഹാരാഷ്ട്രയിലെ 39 ലോക്‌സഭാ സീറ്റുകളിൽ മഹാരാഷ്ട്ര വികാസ് അഘാഡി സഖ്യം സമവായത്തിലെത്തിയതായി എൻസിപി സ്ഥാപകൻ ശരദ് പവാറും അറിയിച്ചിരുന്നു. ശിവസേന (യു.ബി.ടി.), കോൺഗ്രസ്, എൻ.സി.പി.യുടെ ശരദ് പവാർ വിഭാഗം, പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി എന്നിവരടങ്ങുന്ന മഹാരാഷ്ട്ര വികാസ് അഘാഡിയിലെ നേതാക്കളുമായി ഒരു മാസത്തിലേറെയായി സീറ്റുപങ്കിടൽ ചർച്ചകൾ പുരോഗമിച്ചു വരികയാണ്.