സംഘർഷത്തിനിടെ യുവകർഷകന്റെ മരണം: ഡൽഹി ചലോ മാർച്ച് രണ്ടു ദിവസത്തേക്ക് നിർത്തിവയ്ക്കാൻ കർഷകസംഘടനകൾ

ന്യൂഡൽഹി: ഡൽഹി ചലോ മാർച്ച് രണ്ടുദിവസത്തേക്ക് നിർത്തിവയ്ക്കാൻ കർഷകസംഘടനകൾ. ഹരിയാനയിലെ ഖനൗരി അതിർത്തിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ യുവകർഷകൻ മരിച്ചതിനെ തുടർന്നാണ് നടപടി. നിലവിൽ പ്രതിഷേധിക്കുന്ന സ്ഥലത്ത് കർഷകർ തുടരും. ശംഭുവിലെ നേതാക്കൾ ഉൾപ്പെടെ ഖനൗരി അതിർത്തി സന്ദർശിക്കുകയും ചെയ്യും. ഇതിന് ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.

ഖനൗരി അതിർത്തിയിൽ ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് 24കാരനായ ശുഭ് കരൺ സിങ് എന്ന യുവ കർഷകന് പരിക്കേറ്റത്. തുടർന്ന് ഈ കർഷകൻ മരണപ്പെടുകയായിരുന്നു. ശുഭ് കരൺ മരിച്ചത് കണ്ണീർവാതക ഷെൽ തലയിൽ വീണാണെന്നാണു കർഷകർ വ്യക്തമാക്കകുന്നത്.

പ്രതിഷേധത്തിൽ ആരും മരിച്ചിട്ടില്ലെന്ന് അറിയിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു ഹരിയാന പൊലീസ് രംഗത്തെത്തിയിരുന്നു. അഭ്യൂഹങ്ങൾ മാത്രമാണ് പരക്കുന്നതെന്നും പോലീസ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുവ കർഷകന്റെ മരണം സ്ഥിരീകരിച്ചുള്ള വാർത്ത പുറത്തുവന്നത്. ശുഭ്കരണിനു നേർക്ക് പൊലീസ് വെടിവച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഹരിയാന-പഞ്ചാബ് അതിർത്തിയായ ശംഭുവിൽ പോലീസും കർഷകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. കർഷകർക്കു നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. ഡൽഹിയിലേക്ക് കർഷകർ പ്രവേശിക്കുന്നത് തടയുന്നതിനായി ശംഭുവിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന കർഷകർക്ക് ട്രാക്ടർ, ക്രെയിൻ, മണ്ണുമാന്തി യന്ത്രം എന്നിവ നൽകരുതെന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം. ഈ ഉപകരണങ്ങളൊന്നും പ്രതിഷേധം നടത്തുന്നതിന് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു. ഇത്തരം വാഹനങ്ങളും യന്ത്രങ്ങളും സമര സ്ഥലത്തുനിന്നും മാറ്റണമെന്ന ആവശ്യവും പോലീസ് ഉന്നയിച്ചിട്ടുണ്ട്.

മാർച്ച് തടയുന്നതിനായി പോലീസ് റോഡിൽ കോൺക്രീറ്റ് ബീമുകൾ, മുൾവേലികൾ, ആണികൾ, വലിയ ഷിപ്പിങ് കണ്ടെയ്നറുകൾ തുടങ്ങിയവ നിരത്തിയിരിക്കുകയാണ്. പോലീസിന്റെ കണ്ണീർ വാതകഷെൽ പ്രയോഗങ്ങൾ ചെറുക്കുന്നതിനായി വലിയ സന്നാഹം കർഷകരും കരുതിയിട്ടുണ്ട്. മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റർ കാബിൻ ഇരുമ്പുപാളികൾ വച്ച് മറച്ച് മാർച്ച് നടത്താനാണ് കർഷകർ തീരുമാനിച്ചിരിക്കുന്നത്. ഇരുമ്പുപാളികൾ കണ്ണീർ വാതക ഷെല്ലിൽനിന്നും റബ്ബർ പെല്ലറ്റുകളിൽ നിന്നും സംരക്ഷണം നൽകുമെന്നാണു കർഷകരുടെ കണക്കുകൂട്ടൽ.