സന്ദേശ്ഖാലി സംഭവം: സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

കൊൽക്കത്ത: സന്ദേശ്ഖാലി സംഭവവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. വാർത്താക്കുറിപ്പിലൂടെയാണ് മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യം അറിയിച്ചത്. മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സന്ദേശ്ഖാലിയിലേക്ക് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ സംഘത്തെ അയക്കും.

തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ നേതൃത്വത്തിൽ സ്ത്രികൾക്ക് നേരെ ബലാത്സംഗവും ഭൂമി തട്ടിപ്പും നടന്നിരുന്നു. പ്രദേശത്തെ സ്ത്രീകൾ തന്നെ വാർത്ത പുറത്തുവിട്ടതോടെയാണ് സംഭവം വാർത്തയായത്. എന്നാൽ സംസ്ഥാന ഭരണകൂടം വാർത്തകളെ നിഷേധിക്കുകയാണുണ്ടായത്.

ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾക്ക് സംസ്ഥാന സർക്കാർ സ്ഥലത്തേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. പോലീസിനെ ഉപയോഗിച്ച് സ്ത്രീകളെ സർക്കാർ അടിച്ചമർത്തുകയും ചെയ്തു. ദേശീയ വനിതാ കമ്മീഷൻ കഴിഞ്ഞ ദിവസം സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. പ്രദേശത്ത് തുടരുന്ന അക്രമ സംഭവങ്ങളിൽ കമ്മീഷൻ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഗുരുതര ആഭ്യന്തര വീഴ്ചയാണ് സംസ്ഥാനത്തുള്ളതെന്നും രാഷ്ട്രപതി ഭരണത്തിൽ കുറഞ്ഞൊന്നും അന്വേഷണത്തിന് സഹായിക്കില്ലെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടിരുന്നു.