വന്യമൃഗ ശല്യത്തെ സംബന്ധിച്ച് കേന്ദ്ര സർക്കാറിനെ അറിയിക്കും; വയനാട്ടിലെത്തി ഗവർണർ

കൽപ്പറ്റ: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. ജില്ലയിലെ വന്യമൃഗ ശല്യത്തെ സംബന്ധിച്ച് കേന്ദ്ര സർക്കാറിനെ അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വനനിയമഭേദഗതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചർച്ച നടത്തുമെന്ന് ഗവർണർ അറിയിച്ചു.

വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകളിലും അദ്ദേഹം സന്ദർശനം നടത്തി. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്റെ വീട്ടിലാണ് ഗവർണർ ആദ്യമെത്തിയത്. അജീഷിന്റെ കുടുംബാംഗങ്ങളെ ഗവർണർ ആശ്വസിപ്പിച്ചു. പിന്നീട് ഗവർണർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കത്തെ പി വി പോളിന്റെ വീട്ടിലുമെത്തി. പോളിന്റെ മരണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

ഏതാനും ദിവസങ്ങൾക്ക് മുൻപ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കിടപ്പിലായ പതിനാറുകാരൻ ശരത്തിന്റെ വീടും ഗവർണർ സന്ദർശിച്ചു. ശരത്തിന്റെ ചികിത്സ സഹായത്തിന് വഴി ഒരുക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.