വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് മത്സരിക്കണം; സ്മൃതി ഇറാനി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയ്ക്ക് നേരെ വെല്ലുവിളിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലല്ല, ഉത്തർപ്രദേശിലെ അമേഠിയിൽ നിന്ന് മത്സരിക്കണമെന്ന് സ്മൃതി ഇറാനി പറഞ്ഞു.

ഇപ്പോൾ രാഹുലിനെ അമേഠി കൈയൊഴിഞ്ഞു. അമേഠിയിലെ ജനങ്ങൾക്ക് രാഹുലിനോടുള്ള മനോഭാവം എന്താണെന്ന് അവിടുത്തെ വിജനമായ വീഥികൾ വിളിച്ചു പറയുന്നുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിലെത്തിയ പശ്ചാത്തലത്തിലാണ് സ്മൃതി ഇറാനിയുടെ പരാമർശം.

ദീർഘകാലം കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന അമേഠിയിൽ 2019ലെ പൊതുതിരഞ്ഞെടുപ്പിൽ സമൃതി ഇറാനിയോട് രാഹുൽ പരാജയപ്പെട്ടിരുന്നു. 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി മണ്ഡലത്തിൽ വിജയിച്ചത്. 80 ലോക്‌സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ 2019ൽ ഒരു സീറ്റു മാത്രമാണ് കോൺഗ്രസിന് നേടാൻ കഴിഞ്ഞത്. റായ്ബറേലിയിൽ നിന്ന് സോണിയ ഗാന്ധിയാണ് വിജയിച്ചത്. ഇത്തവണ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നതോടെ റായ്ബറേലിയിൽ പുതിയ സ്ഥാനാർഥിയാവും നിൽക്കുക.