നിയമസഭയിൽ എക്സലോജിക് വിഷയം അവതരിപ്പിക്കാനൊരുങ്ങി മാത്യു കുഴൽനാടൻ; തടഞ്ഞ് സ്പീക്കർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരായി അഴിമതിയാരോപണം ഉന്നയിക്കാനുള്ള കോൺഗ്രസ് അംഗം മാത്യു കുഴൻനാടന്റെ നീക്കം തടഞ്ഞ് സ്പീക്കർ എ എൻ ഷംസീർ. ബജറ്റ് ചർച്ചയ്ക്കിടെ പ്രസംഗിക്കേണ്ട മാത്യു, അഴിമതി ആരോപണം ഉന്നയിക്കുന്ന കാര്യം മുൻകൂട്ടി സ്പീക്കറെ അറിയിച്ചിരുന്നു. പ്രസംഗത്തിനിടെ അഴിമതി ആരോപണം ഉന്നയിക്കുന്നുവെന്നു മാത്യു കുഴൽനാടൻ പറഞ്ഞതോടെ സ്പീക്കർ രോക്ഷാകുലനായി. മൈക്ക് ഓഫ് ചെയ്യാൻ സ്പീക്കർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

ഭരണപക്ഷ ബെഞ്ചുകളിൽ നിന്നു മാത്യുവിനെതിരെ ബഹളം ഉയർന്നു. മൈക്ക് ഓഫ് ചെയ്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. പിന്നീട് പ്രതിപക്ഷം സ്പീക്കർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും തുടർന്ന് വോക്കൗട്ട് ചെയ്യുകയും ചെയ്തു. അഴിമതിയുമായി ബന്ധപ്പെട്ട ഒരു വിഷയം സഭയിൽ ഉന്നയിക്കാൻ അനുവാദം നൽകണമെന്നു ആവശ്യപ്പെട്ടു താൻ താങ്കളുടെ അനുമതി തേടിയിരുന്നു. അതു താൻ ഉന്നയിക്കുകയാണെന്നു പറഞ്ഞാണു മാത്യു കുഴനാടൻ എക്‌സാലോജിക് വിഷയം നിയമസഭയിൽ ഉന്നയിക്കാൻ തുടങ്ങിയത്.

അത് നിരസിക്കുന്നുവെന്നും ചെയർ അനുമതി തരില്ലെന്നു പറഞ്ഞതാണെന്നും സ്പീക്കർ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷ എംഎൽഎമാർ എഴുന്നേറ്റുനിന്നു ബഹളംവച്ചു. മാത്യു കുഴൽനാടൻ സംസാരിക്കാൻ ശ്രമിക്കുന്നതിനിടെ ”മൈക്ക് ഓഫ് ചെയ്യ്…ബഹുമാനപ്പെട്ട അംഗത്തിന്റെ മൈക്ക് ഓഫു ചെയ്യൂ…” എന്നു സ്പീക്കർ വ്യക്തമാക്കി. രേഖകൾ ഹാജരാക്കണമെന്നു വളരെ ക്ലീയറായി ചെയർ പറഞ്ഞ കാര്യമാണ്. ഹാജരാക്കിയ രേഖകളിൽ ചെയർ തൃപ്തനല്ല. അതുകൊണ്ട് സഭയിൽ ആരോപണം ഉന്നയിക്കാൻ അനുവദിക്കില്ലെന്നും സ്പീക്കർ വിശദമാക്കി.