ന്യൂഡൽഹി: ഇന്ത്യയിൽ വിദേശ സർവകലാശാല ക്യാമ്പസ് തുറക്കാൻ അനുമതി തേടി യുജിസി ചട്ടങ്ങൾ പ്രകാരം ആദ്യ അപേക്ഷ ലഭിച്ചു. മലേഷ്യയിലെ ലിങ്കൺ സർവകലാശാലയാണ് അനുമതി തേടി എത്തിയിരിക്കുന്നത്. ഹൈദരാബാദിൽ തങ്ങളുടെ ക്യാമ്പസ് തുറക്കാനാണ് അനുമതി തേടിയിരിക്കുന്നത്.
അനുമതി സംബന്ധിച്ച ശുപാർശ നൽകുന്നതിനായി അഞ്ചംഗ കമ്മിറ്റിയെ യുജിസി നിയോഗിച്ചു. മലേഷ്യയിലെ ലിങ്കൺ സർവകലാശാലയിൽ നിന്ന് ലഭിച്ചത് യുജിസിയുടെ പുതിയ നയപ്രകാരം ലഭിച്ച ആദ്യ അപേക്ഷയാണ്. ക്യാമ്പസ് തുറക്കാൻ വിദേശ സർവകലാശാലകളിൽ നിന്ന് യുജിസി താൽപര്യപ്പത്രം ക്ഷണിച്ചത് കഴിഞ്ഞ വർഷം നവംബറിലാണ്. ഇതിനായി പ്രത്യേക വെബ്‌പോർട്ടലും തുടങ്ങിയിരുന്നു.
നിലവിൽ ലഭിച്ചിരിക്കുന്ന അപേക്ഷയുടെ കാര്യത്തിൽ അഞ്ചംഗ കമ്മിറ്റി ഉടനെ തീരുമാനം അറിയിക്കുമെന്നാണ് വിവരം.

