തിരുവനന്തപുരം: പത്മശ്രീ പുരസ്കാരം ലഭിച്ചതിൽ പ്രതികരണവുമായി തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി. അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഗൗരി ലക്ഷ്മിഭായി പറഞ്ഞു. പത്മനാഭസ്വാമിയുടെ അനുഗ്രഹമായാണ് പുരസ്കാരം ലഭിച്ചതെന്നും ഗൗരി ലക്ഷ്മിഭായി വ്യക്തമാക്കി.
ആദ്യമായിട്ടാണ് തിരുവിതാംകൂർ രാജകുടുംബത്തിൽ പത്മശ്രീയെത്തുന്നത്. അതിരറ്റ സന്തോഷമുണ്ട്. ശ്രീപദ്മനാഭന്റെ തൃപ്പാദങ്ങളിൽ അംഗീകാരം സമർപ്പിക്കുന്നു. പൂർവികരുടെ അനുഗ്രഹമാണ് പുരസ്കാരത്തിലൂടെ ലഭിച്ചതെന്ന് ഗൗരി ലക്ഷ്മിഭായി അറിയിച്ചു. ഗൗരി ലക്ഷ്മിഭായിയെ പദ്മശ്രീ പുരസ്കാരത്തിന് തിരഞ്ഞെടുത്തത് സാഹിത്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കാണ്.
മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെന്നിന്ത്യൻ നടൻ ചിരഞ്ജീവി, വൈജയന്തി മാല, പദ്മ സുബ്രഹ്മണ്യം, ബിന്ദേശ്വർ പഥക് തുടങ്ങിയവർക്കാണ് പത്മവിഭൂഷൺ കരസ്ഥമാക്കിയത്. രാജ്യത്ത് 110 പേർക്കാണ് വിവിധ വിഭാഗങ്ങളിലായി പത്മശ്രീ പുരസ്കാരം ലഭിച്ചത്.

