ന്യൂഡൽഹി: 75-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് രാജ്യം. റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി പങ്കെടുത്തത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ്. ഇന്ത്യൻ സൈനിക ശക്തി വിളിച്ചോതുന്ന പരേഡാണ് കർത്തവ്യപഥിൽ നടന്നത്. ‘വികസിത ഭാരതം’, ‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്’ എന്നിവയായിരുന്നു പരേഡിലെ പ്രമേയം. വനിതാ പ്രാതിനിധ്യം കൂടുതലായിരുന്നുവെന്നതായിരുന്നു ഇന്നത്തെ പരേഡിന്റെ മറ്റൊരു സവിശേഷത.
രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി നൂറിലധികം വനിതാ കലാകാരികൾ ഇന്ത്യൻ സംഗീതോപകരണങ്ങൾ വായിച്ച് പരേഡിന് തുടക്കം കുറിച്ചു. സംയുക്ത സേന, കേന്ദ്ര പോലീസ് സേന എന്നി വിഭാഗങ്ങളെ പ്രതിനിധീകരിച്ചത് മുഴുവനും വനിതകളാണ്. ഫ്‌ലൈ പാസ്റ്റിലും വനിതാ പൈലറ്റുമാരാണ് പങ്കെടുത്തത്. 90 അംഗ ഫ്രഞ്ച് സേനയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഇത്തവണ പരേഡിൽ പങ്കെടുത്തത് 54 യുദ്ധ വിമാനങ്ങളാണ്. റഫാൽ യുദ്ധ വിമാനങ്ങൾ, ടി 90 ടാങ്ക്, നാഗ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചർ എന്നിവയും പരേഡിൽ പങ്കെടുത്തിരുന്നു. ഇതിൽ മൂന്നെണ്ണം ഫ്രഞ്ച് സേനയുടേതാണ്. സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിൽ നിന്നുള്ള വനിത സേനാഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനവും നടത്തിയിരുന്നു. പതിനാറ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിശ്ചലദൃശ്യങ്ങൾ അവതരിപ്പിച്ചു. മണിപ്പൂരും പരേഡിൽ നിശ്ചലദൃശ്യം അവതരിപ്പിച്ചിരുന്നു.

