നടക്കുമ്പോള്‍ പ്രകാശിക്കുന്ന എൽഇഡി തറകള്‍; മാനവീയം വീഥി മാതൃകയിൽ തിളങ്ങാൻ അയ്യങ്കാളി ഹാൾ റോഡും

തിരുവനന്തപുരം: മാർച്ച് ഒന്നിന് മുൻപ് അയ്യങ്കാളി ഹാൾ റോഡ് നവീകരണ പ്രവൃത്തി പൂർത്തീകരിക്കും. പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. മാനവീയം വീഥി മാതൃകയിൽ അയ്യങ്കാളി ഹാൾ റോഡിൽ സൗന്ദര്യവത്ക്കരണവും നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

റോഡിനെ നാലു വിഭാഗങ്ങളായി തിരിച്ചാകും നിർമാണം. സ്മാർട്ട് സിറ്റി പദ്ധതിയിൽ കെ.ആർ.എഫ്.ബി. വികസിപ്പിക്കുന്ന തലസ്ഥാനത്തെ 13 റോഡുകൾ ഗതാഗതയോഗ്യമാക്കി. റോഡ് നിർമാണപ്രവൃത്തികൾ നേരിട്ടു വിലയിരുത്തിയ ശേഷം സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം.

2.6 കോടി രൂപയ്ക്കാണ് 210 മീറ്റർ റോഡ് നവീകരിക്കുന്നത്. പിന്നീട് റോഡിന്റെ ഇരുവശങ്ങളും മോടിയാക്കാൻ അധിക തുക വകയിരുത്തും. വിനോദസഞ്ചാരത്തിനും പ്രാധാന്യം നൽകിയാകും അയ്യങ്കാളി ഹാൾ റോഡിന്റെ നവീകരണം നടക്കുന്നത്. ഡിസൈൻ പോളിസിയിൽ ഉൾപ്പെടുത്തി ആധുനികരീതിയിലാകും നിർമാണം.നടന്നാൽ ലൈറ്റുകൾ പ്രകാശിക്കുന്ന എൽ.ഇ.ഡി. ഇന്റർആക്ടീവ് തറകൾ മുതൽ സ്മാർട്ട് പാർക്കലറ്റ് വരെയുണ്ടാകും. വൈദ്യുതവാഹനങ്ങൾ ചാർജ് ചെയ്യാനുള്ള യൂണിറ്റുമുണ്ടാകുമെന്നതാണ് മറ്റൊരു സവിശേഷത.

യൂണിവേഴ്സിറ്റി കോളേജ് ഭാഗം ഒന്നും രണ്ടും മേഖല തിരിച്ചും അയ്യങ്കാളി ഹാളിന്റെ ഭാഗം മൂന്നും നാലും മേഖല തിരിച്ചുമാകും നവീകരണം. ചെടിച്ചട്ടികൾക്ക് വേണ്ട പ്ലാന്റർ ബോക്സ്, ഇ വി ചാർജിങ് സ്റ്റേഷൻ, റിവേഴ്‌സ് സെൻസർ അലർട്ട് ഉൾപ്പെടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന സ്മാർട്ട് പാർക്കലറ്റ്, സ്മാർട്ട് വെൻഡിങ് സ്റ്റേഷനുകൾ എന്നിവ സോൺ ഒന്നിൽ ഉണ്ടാകും. മരങ്ങൾക്കു ചുറ്റും ഇരിക്കാനുള്ള സൗകര്യം, ഇരിപ്പിടങ്ങൾ, വീൽച്ചെയർ സൗകര്യം, സ്മാർട്ട് ബസ് ഷെൽട്ടർ, ബൈസിക്കിൾ പോയിന്റ്, സ്മാർട്ട് ടോയ്‌ലറ്റുകൾ തുടങ്ങിയവയെല്ലാം സോൺ രണ്ടിലാണ് ഉണ്ടാകുക.

പർഗോള, കോയി ഫിഷ് ഡ്രെയിൻ(കോയി കാർപ്പ് എന്ന മത്സ്യത്തെയിടുന്ന ടാങ്ക്), ഇൻഫർമേഷൻ ബോർഡ് എന്നിവ സോൺ മൂന്നിലും ഇരിപ്പിടങ്ങൾ, ട്രാഫിക് ഐലന്റ്, ലാന്റ് സ്‌കേപ്പിങ് എന്നിവ സോൺ നാലിലും ഒരുക്കുന്നതാണ്.