വീഞ്ഞിന്റെയും കേക്കിന്റെയും പരാമർശം പിൻവലിക്കുന്നു; ഖേദ പ്രകടനവുമായി സജി ചെറിയാൻ

കൊച്ചി: ക്രൈസ്തവ മേലധ്യക്ഷന്മാർക്കെതിരെ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. വീഞ്ഞിന്റെയും കേക്കിന്റെയും പരാമർശം പിൻവലിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. തന്റെ പരാമർശങ്ങളിൽ വന്ന ചില കാര്യങ്ങൾ പുരോഹിതർ സൂചിപ്പിച്ചു. വിരുന്നിന്റെ ഭാഗമായി വീഞ്ഞും കേക്കും എന്നു പറഞ്ഞ ഭാഗം പ്രയാസമായി തോന്നിയിരിക്കാം. അങ്ങനെ തോന്നിയെങ്കിൽ വീഞ്ഞിന്റെയും കേക്കിന്റെയും പരാമർശം പിൻവലിക്കുന്നു. കേക്കിന്റെയും വീഞ്ഞിന്റെയും പ്രശ്‌നമല്ല താൻ ഉന്നയിച്ചത്. മണിപ്പുർ പ്രശ്‌നത്തിൽ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല. തന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. അത് തന്റെ നിലപാട് മാത്രമായി കണ്ടാൽ മതി. ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ ബിഷപ്പുമാരുമായും വ്യക്തിബന്ധമുണ്ട്. അവരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. അങ്ങനെ ശ്രമിക്കുകയും ചെയ്യില്ല. ആരെയെങ്കിലും ഭയപ്പെട്ട്, കീഴ്‌പ്പെട്ട് പോകാൻ സാധിക്കില്ല. ഇവിടെ മുസ്ലിമിനെ അകറ്റി ക്രിസ്ത്യാനികളെ ചേർത്തുപിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ക്രിസ്ത്യാനികളുടെ വീടുകൾ കയറി നുണപ്രചാരണം നടത്തുകയാണ്. ക്ലിമീസ് തിരുമേനി വളരെ പ്രിയപ്പെട്ടയാളാണ്. വേദനിപ്പിച്ച ഭാഗം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞതു പ്രകാരം വീഞ്ഞും കേക്കും പരമാർശം പിൻവലിക്കുന്നു. എന്നാൽ രണ്ടാമത്ത ഭാഗമായ മണിപ്പുർ വിഷയത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.

ക്രിസ്മസിന് പ്രധാനമന്ത്രി നടത്തിയ പരിപാടിയിൽ മണിപ്പുർ വിഷയം ഉന്നയിക്കാൻ നല്ല അവസരമായിരുന്നു. അത് ചെയ്തില്ല എന്നാണ് താൻ പറഞ്ഞത്. അന്ന് പറയാൻ കഴിഞ്ഞിരുന്നെങ്കിൽ അതിന് വലിയ പ്രാധാന്യം കിട്ടിയേനെ. പക്ഷെ അത് ചെയ്തില്ല. ന്യൂനപക്ഷങ്ങൾക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് തീവ്രഹിന്ദുത്വം വളർത്താനാണ് ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം ക്രിസ്ത്യൻ സമൂഹത്തിന് നേരെയുണ്ടായത് 700ഓളം ആക്രമണങ്ങളാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അക്രമം കൂടുതൽ. ബിജെപി ഭരിച്ച 9 വർഷം കൊണ്ട് ആക്രമണത്തിന്റെ നിരക്ക് കുത്തനെ വർധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.