കോഴിക്കോട്: കമ്യൂണിസ്റ്റുകാർ ജനങ്ങളോട് വിനീത വിധേയരാവണമെന്ന് സിപിഎം നേതാവ് പി ജയരാജൻ. ജനങ്ങളോട് അധികാര ഗർവോടെ പെരുമാറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകൻ ജിബിൻ പി മൂഴിക്കൽ അനുസ്മരണത്തിന്റെ ഭാഗമായി ‘ഗവർണർ പദവി; കൊളോണിയൽ അവശേഷിപ്പോ അനിവാര്യതയോ?’ എന്ന വിഷയത്തിൽ നടന്ന സംവാദപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ജനങ്ങളോട് അധികാര ഗർവോടെ പെരുമാറുകയല്ല കമ്യൂണിസ്റ്റുകാർ ചെയ്യേണ്ടത്. അത് പാർട്ടിതന്നെ വ്യക്തമാക്കിയ കാര്യമാണ്. കമ്മ്യുണിസ്റ്റുകാർ ജനങ്ങളോട് വിനീത വിധേയരാകണം. ജനങ്ങളുമായുള്ള ബന്ധം ദൃഢമാവണം. അത് സംബന്ധിച്ച് എവിടെയെങ്കിലും പോരായ്മ വരുന്നുണ്ടെങ്കിൽ പരിശോധിച്ച് തെറ്റ് തിരുത്താൻ പാർട്ടിക്കകത്ത് സംവിധാനമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരന്തരം അത്തരം തെറ്റുതിരുത്തൽ പ്രക്രിയ നടത്തുന്ന പാർട്ടിയാണ് സിപിഎം. കിട്ടുന്ന വോട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം കമ്യൂണിസ്റ്റുകാരുടെ നിലപാടിനെ വിലയിരുത്താനാകില്ല. തിരഞ്ഞെടുപ്പുകളിൽ തോറ്റെന്ന് കരുതി നിലപാടുകൾ എല്ലാം തെറ്റാണെന്ന് പറയാൻ പറ്റില്ല. കമ്യൂണിസ്റ്റുകാർക്ക് വോട്ടല്ല, നിലപാടാണ് പ്രധാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊളോണിയൽ അവശേഷിപ്പാണ് ഗവർണർ പദവി. ആരിഫ് മുഹമ്മദ് ഖാൻ കെട്ടിയ കോമാളി വേഷം മുൻ ഗവർണർ പി. സദാശിവം കെട്ടിയിട്ടില്ല. വിഡ്ഢിവേഷങ്ങൾ കെട്ടുന്ന, കോമാളിത്തരം കാണിക്കുന്ന ഗവർണർക്ക് വിശ്വാസ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗവർണർ തിരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ വെല്ലുവിളിക്കുകയാണ്. സർക്കാറിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വായിൽ തോന്നിയത് വിളിച്ചുപറയുന്നു. കേന്ദ്ര സർക്കാരിന്റെ ഏജന്റിനെ പോലെ പ്രവർത്തിക്കുകയാണ് ഗവർണർ. ഒരു ദിവസത്തെ സുൽത്താനെ പോലെ അധഃപതിച്ച നിലയിലാണ് പ്രവർത്തനം. നിയമസഭ പാസാക്കിയ ബില്ലുകൾ കേന്ദ്രസർക്കാരിനുവേണ്ടി ഗവർണർ മാസങ്ങളോളം പിടിച്ചുവെക്കുന്നു. ബില്ലിന് മേൽ അടയിരിക്കുന്ന സമീപനമാണ് ഗവർണർ സ്വീകരിക്കുന്നത്. ഭരണഘടനയെയും സുപ്രീം കോടതി വിധിയെയും പരിഹസിക്കുകയാണെന്നും പി ജയരാജൻ വിമർശിച്ചു.

