ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് ബൃന്ദ കാരാട്ട്. ബില്ലുകൾ ഒപ്പിടാതെ സർക്കാരുമായി ഉടക്ക് തുടരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബൃന്ദ കാരാട്ട് വെല്ലുവിളിച്ചു. ബിജെപി അജണ്ട നടപ്പാക്കുന്ന ഗവർണർ നേരിട്ട് രാഷ്ട്രീയത്തിലിറങ്ങി ബിജെപി സ്ഥാനാർഥിയായിത്തന്നെ വരുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കട്ടേയെന്ന് ബൃന്ദ കാരാട്ട് വ്യക്തമാക്കി.
ബഹുമാനപ്പെട്ട ഗവർണർക്ക് രാഷ്ട്രീയത്തിലേക്കിറങ്ങാൻ താത്പര്യമുണ്ടെങ്കിൽ അദ്ദേഹമത് ചെയ്യണം. കാരണം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. ഗവർണർക്ക് തന്റെ രാഷ്ട്രീയ ശക്തി തിരിച്ചറിയാൻ ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കണം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് നേരിട്ട് ഇറങ്ങുന്നതായിരിക്കും ഉചിതം. ബിജെപി ടിക്കറ്റിൽ കേരളത്തിൽ ഏതെങ്കിലും സീറ്റിൽ നിന്നും മത്സരിക്കൂവെന്നും ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു.
ദിവസേന പ്രസ്താവനകൾ നടത്തി പദവിക്ക് അപമാനമുണ്ടാക്കാതെ പകരം മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഗവർണർ പരിഹരിക്കണമെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.

