തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് കോൺഗ്രസ് പാർട്ടിക്ക് ഔദ്യോഗിക ക്ഷണമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്ഷണം ലഭിച്ചത് വ്യക്തികൾക്കാണെന്നും അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ക്ഷണം ലഭിച്ച നേതാക്കന്മാർ കോൺഗ്രസ് പാർട്ടിയുമായി ആലോചിച്ചു തീരുമാനം പറയും. സമസ്തയുടെ ജിഫ്രി മുത്തുക്കോയ തങ്ങൾ, മുസ്ലിം ലീഗിന്റെ പാണക്കാട് സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി അവരെല്ലാം എത്ര ശ്രദ്ധയോടെയാണു വിഷയത്തിൽ വാചകങ്ങൾ ഉപയോഗിച്ചത്. ഒരു കാരണവശാലും ഈ വിഷയം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കരുത് എന്ന മനസ്സോടു കൂടിയാണ് അവർ മൂന്നുപേരും വിഷയത്തോടു പ്രതികരിച്ചത്. അതുകൊണ്ടാണ് അവരെ മൂന്നുപേരെയും അഭിനന്ദിച്ചതെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ, സിപിഎം അതാണോ ചെയ്യുന്നത്. സിപിഎം ഭിന്നിപ്പുണ്ടാക്കി അതിൽനിന്നു രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

