2024 നെ ഗഗൻയാൻ ദൗത്യത്തിന്റെ വർഷമെന്ന് വിശേഷിപ്പിച്ച് ഐഎസ്ആർഒ

ന്യൂഡൽഹി: 2024 നെ ഗഗൻയാൻ ദൗത്യത്തിന്റെ വർഷമെന്ന് വിശേഷിപ്പിച്ച് ഐഎസ്ആർഒ. 2025 ൽ മനുഷ്യനെ ആദ്യമായി ബഹിരാകാശത്ത് അയക്കാൻ ലക്ഷ്യമിട്ടുള്ള ഗഗൻയാൻ ദൗത്യത്തിന്റെ നിരവധി പരീക്ഷണങ്ങൾ നടത്താൻ 2024 ൽ ഐഎസ്ആർഒ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

12-14 വിക്ഷേപണങ്ങൾ ഈ വർഷം നടത്താനാണ് ഐഎസ്ആർഒ പദ്ധതിയിടുന്നത്. സംഘടന മേധാവി എസ് സോമനാഥാണ് ഇക്കാര്യം അറിയിച്ചത്. 2024 ഐഎസ്ആർഒയെ സംബന്ധിച്ചിടത്തോളം ഗഗൻയാന്റെ വർഷമായിരിക്കും. 2025 രാജ്യത്തിന്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം സാക്ഷാത്കരിക്കുന്നതിനുള്ള നിരവധി പരീക്ഷണങ്ങളും മറ്റ് ജോലികളും ഈ വർഷം നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2024 ൽ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ട് അബോർട്ട് വിക്ഷേപണ ദൗത്യം കൂടി നടക്കും. കഴിഞ്ഞ വർഷമാണ് ഐഎസ്ആർഒ ആദ്യമായി ഫ്ളൈറ്റ് ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ -1 (ടിഡി-1) ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണമായിരുന്നു ഇത്. രണ്ട് ആളില്ലാ ദൗത്യങ്ങൾ, ഹെലിക്കോപ്റ്റർ ഡ്രോപ്പ് ടെസ്റ്റ്, ലോഞ്ച് പാഡ് അബോർട്ട് ടെസ്റ്റുകൾ ഉൾപ്പടെയുള്ളവയും നടത്തും. ഇൻസാറ്റ് 3ഡിഎസ്, ഇന്ത്യ-യുഎസ് സംയുക്ത ദൗത്യമായ നിസാർ (നാസ-ഇസ്രോ സിന്തറ്റിക് അപ്പേർച്ചർ റഡാർ), ഒരു രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എന്നിവ ജിഎസ്എൽവി റോക്കറ്റിൽ വിക്ഷേപിക്കും. രണ്ട് വാണിജ്യ വിക്ഷേപണങ്ങൾ അടക്കം പിഎസ്എൽവി, എസ്എസ്എൽവി റോക്കറ്റുകളിലായും വിവിധ വിക്ഷേപണങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.

ഐഎസ്ആർഒയുടെ സ്‌ക്രാംജെറ്റ് എഞ്ചിന്റേയും പുനരുപയോഗിക്കാൻ സാധിക്കുന്ന വിക്ഷേപണ വാഹനത്തിന്റെയും പരീക്ഷണങ്ങളും ഈ വർഷം നടക്കുമെന്നും സോമനാഥ് കൂട്ടിച്ചേർത്തു.