അരവണ വിതരണത്തിന് നിയന്ത്രണം; ഒരു തീർത്ഥാടകന് ലഭിക്കുക 5 ബോട്ടിൽ

പത്തനംതിട്ട: ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ നിർമ്മാണം നിർത്തിവച്ചു. ഇതോടെ അരവണ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഒരു തീർത്ഥാടകന് അഞ്ച് ബോട്ടിൽ എന്ന നിലയിലാണ് അരവണ വിതരണം പരിമിതപ്പെടുത്തിയത്. രണ്ട് കമ്പനികൾക്കാണ് പ്രതിദിനം രണ്ടര ലക്ഷം കണ്ടെയ്നറുകൾ എത്തിക്കുന്നതിനായി ദേവസ്വം ബോർഡ് ഇത്തവണ കരാർ നൽകിയിരുന്നത്.

കണ്ടെയ്‌നർ കൃത്യസമയത്ത് എത്തിക്കുന്നതിൽ ഒരു കരാറുകാരൻ വീഴ്ച വന്നിരുന്നു. ഇതാണ് ശബരിമലയിൽ പ്രതിസന്ധി ഉണ്ടാകാൻ കാരണം. ഇത് മറികടക്കാനായി ഇക്കഴിഞ്ഞ ശനിയാഴ്ച ദേവസ്വം ബോർഡ് പുതിയ ടെൻഡർ ക്ഷണിച്ചിരുന്നു.

ആദ്യം ടെൻഡർ കോട്ട് ചെയ്ത കരാറുകാരന് പ്രതിദിനം 50,000 കണ്ടെയ്‌നർ എത്തിക്കാനുള്ള സംവിധാനമേ ഉണ്ടായിരുന്നുള്ളു. ഇതോടെ മറ്റൊരു കരാറുകാരനെ കൂടി കണ്ടെയ്‌നർ എത്തിക്കാനായി ബോർഡ് പരിഗണിച്ചു. പുതിയ രണ്ട് കരാറുകാരും ചേർന്ന് ഒന്നര ലക്ഷം കണ്ടെയ്നറുകൾ ദിനംപ്രതി എത്തിക്കാമെന്നാണ് ദേവസ്വം ബോർഡിന് നൽകിയിരിക്കുന്ന ഉറപ്പ്. എന്നാൽ ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമേ കരാർ ഉറപ്പിക്കുവാൻ ബോർഡിന് കഴിയൂ.

ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്.