തിരുവനന്തപുരം: സിപിഎമ്മുകാർ തന്റെ കോലം കത്തിച്ചതിൽ അത്ഭുതമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിൽ കൊലപാതകങ്ങൾ നടത്തിയവരാണ് എസ്എഫ്‌ഐയെന്ന് അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐ അവരുടെ സംസ്‌കാരമാണ് കാണിക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പിന്തുണയോടെയാണ് ഇതെല്ലാമെന്നും ഗവർണർ ആരോപിച്ചു.
മുഖ്യമന്ത്രി തന്നെ ആക്രമണം നടത്തിയവരെ പിന്തുണയ്ക്കുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ പങ്കാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബില്ലുകളിൽ ഒപ്പിടുന്ന കാര്യത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ബില്ലിൽ വ്യക്തത വരുത്തിയാൽ ഒപ്പിടുമെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്.
അതേസമയം, ഗവർണർക്കെതിരെ എസ്എഫ്‌ഐ വീണ്ടും കരിങ്കൊടി പ്രതിഷേധം നടത്തി. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം വച്ചാണ് എസ്എഫ്‌ഐക്കാർ ഗവർണർക്ക് നേരെ കരിങ്കൊടി കാട്ടിയത്.
കഴിഞ്ഞ ദിവസം കണ്ണൂർ പയ്യാമ്പലം ബീച്ചിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ‘പാപ്പാഞ്ഞി’ മാതൃകയിലുള്ള കോലം എസ്എഫ്‌ഐ കത്തിച്ചത്. ഗവർണർ സർവകലാശാലകളെ കാവിവൽക്കരിക്കുന്നു, എസ്എഫ്‌ഐയുടെ സമരത്തെയും കണ്ണൂരിനെയും അധിക്ഷേപിച്ചു എന്നീ ആരോപണങ്ങൾ ഉയർത്തിയായിരുന്നു ജില്ലാ കമ്മിറ്റിയുടെ കോലം കത്തിക്കൽ പ്രതിഷേധം.

