രാജ ഭരണം നിലനിന്ന ഇന്ത്യയിലേക്ക് കൊണ്ടു പോവാൻ ബിജെപി ശ്രമിക്കുന്നു; രാഹുൽ ഗാന്ധി

നാഗ്പൂർ: ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ സ്വാതന്ത്രത്തിന് മുൻപുള്ള രാജ ഭരണം നിലനിന്ന ഇന്ത്യയിലേക്ക് കൊണ്ടു പോവാൻ ബിജെപി ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സുപ്രീം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും നിയന്ത്രിക്കാൻ ബിജെപി ശ്രമിക്കുകയാണ്. രാജ്യത്ത് സർവകലാശാലകളിലെ വൈസ് ചൻസിലർമാരെ നിയമിക്കുന്നത് മെറിറ്റ് അടിസ്ഥാനമാക്കിയല്ലെന്നും യോഗ്യത ബിജെപി ബന്ധമാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ജനങ്ങളുടെ ശബ്ദമാവാൻ മാധ്യമങ്ങൾക്കാവുന്നില്ല. മാദ്ധ്യമങ്ങളെയും ബിജെപി വരുതിക്ക് നിർത്തിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇപ്പോൾ പലരും ചോദിക്കുന്നത് എന്താണ് കോൺഗ്രസ് ചെയ്തതെന്നാണ്. നാട്ടുരാജ്യങ്ങളായി ഭിന്നിച്ചുകിടന്ന, ബ്രിട്ടീഷ് ഭരണം നിലനിന്ന സ്ഥാനത്ത് ഹിന്ദുസ്ഥാനിലെ ജനങ്ങളുടെ കൈയ്യിലേക്ക് അധികാരം നൽകുകയാണ് കോൺഗ്രസ് ചെയ്തത്. അന്ന് അതിനെ എതിർക്കുന്ന നിലപാടായിരുന്നു ബിജെപിയും ആർഎസ്എസും സ്വീകരിച്ചത്. ഇപ്പോൾ എല്ലാ ഉത്തരവുകളും മുകളിൽ നിന്ന് വരുന്ന സ്ഥിതിയാണ്. പ്രധാനമന്ത്രി ആരെയും കേൾക്കുന്നില്ല. അവരുടെ പ്രത്യയശാസ്ത്രം രാജഭരണത്തിന്റേതാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.