തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിയായി സ്ഥാനമേൽക്കുന്ന കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് നൽകില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഗണേഷ് കുമാറിനെ അറിയിച്ചു. സിനിമ വകുപ്പ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) കത്തു നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗണേഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. ഗതാഗത വകുപ്പാണ് ഗണേഷ് കുമാറിന് ലഭിക്കുന്നത്.
കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിയായി എത്തും. തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രിയായാണ് അദ്ദേഹം മന്ത്രിസഭയിലേക്ക് എത്തുന്നത്. ആന്റണി രാജു ഉപയോഗിച്ചിരുന്ന ഓഫിസ് കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവർകോവിലിന്റേത് ഗണേഷ് കുമാറിനും നൽകും.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ഓഫിസ് തന്നെയാണ് കടന്നപ്പള്ളിക്കു ലഭിക്കുന്നത്. ഇന്ന് വൈകിട്ട് നാലിനാണു ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഔദ്യോഗിക വസതി വേണ്ടെന്നാണ് ഗണേഷ് അറിയിച്ചിരിക്കുന്നത്.

